ഒമിക്രോണ്‍ വകഭേദം രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് ഇടയാക്കുമോ? കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദം രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് ഇടയാക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കോവിഡ് നാലാംതരംഗം ആരംഭിച്ചത്. വൈറസില്‍ വകഭേദമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ വകഭേദം അപകടകാരിയാണെങ്കില്‍ മാത്രമാണ് ആശങ്കപ്പെടേണ്ടത്.

ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലുമടക്കം കണ്ടെത്തിയ ഒമിക്രോണ്‍ ബാധിതരില്‍ നേരിയ രോഗലക്ഷണം മാത്രമാണുള്ളത്. രോഗവ്യാപനം തടയുന്നതിനും മുന്‍കരുതലെന്ന നിലയിലുമാണ് ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. അതുകൊണ്ടുതന്നെ അത്യാഹിത സംഭവങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.നിലവിലെ കോവിഡ് വാക്‌സിന്‍ ഒമിക്രോണിനും പര്യാപ്തമാണെന്ന് കേന്ദ്രം അറിയിച്ചു. ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുത്തവര്‍ക്ക് രണ്ടുഡോസ് വാക്‌സിനെടുത്തവരേക്കാള്‍ 93 ശതമാനം പ്രതിരോധശേഷി കൂടുതലാണെന്ന് യു.കെ. അടക്കമുള്ള രാജ്യങ്ങളിലെ ആരോഗ്യവിദഗ്ധര്‍ അവകാശപ്പെട്ടിട്ടുണ്ട്.

അതേസമയം ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ 16,000 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് മന്ത്രി ലോക്സഭയെ അറിയിച്ചു. ഇതില്‍ 18 പേര്‍ മാത്രമാണ് കോവിഡ് പോസിറ്റീവ്. ഇവരില്‍ ഒമിക്രോണ്‍ കണ്ടെത്താനുള്ള ജനിതക പരിശോധനകള്‍ നടന്നുവരികയാണ്.

ജനിതക ശ്രേണീകരണമുള്‍പ്പടെയുള്ള നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്. മുമ്പ് ഇതിന് 30 ദിവസങ്ങള്‍ വേണ്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 30 മണിക്കൂര്‍കൊണ്ട് നടത്തുന്നു -മന്ത്രി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular