കൊവിഡ് പാക്കേജിലൂടെ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ കൈയയച്ച് സഹായിച്ചെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കൊവിഡ് പാക്കേജിലൂടെ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് കൈയയച്ച് സഹായമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തിന്റെ ദീര്‍ഘ കാലമായുള്ള ആവശ്യമാണ് വായ്പാ പരിധി ഉയര്‍ത്തണമെന്നുള്ളത്. അതംഗീകരിക്കപ്പെട്ടതടക്കം കേരളത്തിന് പ്രയോജനപ്പെടുത്താവുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളുമാണ് കേന്ദ്ര ധനമന്ത്രിയില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിക്ക് 40000 കോടി അധികമായി നല്‍കിയതു വഴി സാധാരണക്കാരന്റെ കൈകളിലേക്ക് നേരിട്ട് പണമെത്താനുള്ള സാഹചര്യമാണുണ്ടായിരിക്കുന്നത്. മണ്‍സൂണ്‍ കാലത്തും തൊഴിലാളികള്‍ക്ക് ജോലി ഉറപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് വിപണിയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും.

കൂടുതല്‍ പണം വായ്പയെടുക്കാന്‍ അനുവദിക്കുമ്പോള്‍ അതിന് ഉപാധികള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. തോന്നുംപടി വ്യവസ്ഥകളില്ലാതെയും വകമാറ്റിയും പണം ചെലവഴിക്കാന്‍ അനുവദിക്കുന്നത് ശരിയല്ല. സംസ്ഥാനങ്ങളുടെ ഓവര്‍ ഡ്രാഫ്റ്റ് പരിധി 21 ദിവസമായി ഉയര്‍ത്തിയതും കേരളത്തിന് ഏറെ പ്രയോജനകരമാണ്. കേന്ദ്ര നികുതി വിഹിതവും ജി എസ് ടി വരുമാന നഷ്ടം നികത്താനായി നല്‍കാമെന്നേറ്റിരുന്ന തുകയും ഏപ്രിലില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കി.

വിദ്യാഭ്യാസ ആരോഗ്യ മേഖലയ്ക്ക് മെച്ചപ്പെട്ട പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഓണ്‍ ലൈന്‍ വിദ്യാഭ്യാസ രംഗത്ത് വന്‍ മാറ്റം വിഭാവന ചെയ്യുന്നു. എല്ലാ ജില്ലകളിലും പകര്‍ച്ചവ്യാധി ബ്ലോക്കുകളും എല്ലാ ബ്ലോക്ക് തലത്തിലും പബ്ലിക് ലബോറട്ടറികളും സ്ഥാപിക്കാന്‍ കേന്ദ്രം പണം നല്‍കുന്നതും കേരളത്തിന് പ്രയോജനകരമാണ്.

കോവിഡ് പ്രതിസന്ധിയില്‍ മാന്ദ്യത്തിലായ രാജ്യത്തെ എല്ലാ മേഖലകള്‍ക്കും ഉണര്‍വും ഉത്തേജനവും നല്‍കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്. സമൂഹത്തിന്റെ അടിത്തട്ടിലുള്ള ഏറ്റവും സാധാരണ ജന വിഭാഗത്തിനു വരെ സഹായമെത്തിക്കാനുള്ള പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. പ്രതിസന്ധി തുടങ്ങിയപ്പോള്‍ തന്നെ ജനങ്ങളുടെ പക്കല്‍ നേരിട്ട് പണം എത്തിക്കുന്നതിനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. കര്‍ഷകര്‍ക്ക് നേരിട്ട് പണമെത്തിച്ചതും ജന്‍ ധന്‍ അകൗണ്ട് വഴി വനിതകള്‍ക്ക് പണം നല്‍കിയതും അതിന്റെ ഭാഗമാണ്. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള പാക്കേജു വഴിയും ജനങ്ങളിലേക്ക് നേരിട്ട് പണം എത്തും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് സഹായം നല്‍കുന്നതും വഴിയോര കച്ചവടക്കാരെ സഹായിക്കുന്നത് തൊഴിലുറപ്പ് സഹായം കൂട്ടുന്നതുമെല്ലാം ജനങ്ങളിലേക്ക് നേരിട്ട് പണം എത്തിക്കുന്ന പദ്ധതികളാണ്. ഇനിയെങ്കിലും വിമര്‍ശനങ്ങളില്‍ മാത്രം ശ്രദ്ധിക്കാതെ കേരളം പദ്ധതികള്‍ പ്രയോജനപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular