വാട്‌സാപ്പില്‍ സന്ദേശത്തിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് ജയരാജന്‍

കണ്ണൂര്‍: ഫെയ്‌സ്ബുക്ക് കമന്റുകള്‍ സംബന്ധിച്ച് വാട്‌സാപ്പില്‍ താന്‍ നല്‍കിയ സന്ദേശത്തിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. കാപ്സ്യൂള്‍ രൂപത്തിലുള്ള കമന്റുകള്‍ നേരത്തേ തയ്യാറാക്കി തരുമെന്നും അത് ഓരോ ആളും കമന്റായി ഇട്ട് സാമൂഹികമാധ്യമത്തില്‍ ലൈവാകണമെന്നും എം.വി.ജയരാജന്‍ പാര്‍ട്ടി ഗ്രൂപ്പിലിട്ട രഹസ്യനിര്‍ദേശം ചോര്‍ന്നിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തുവന്നത്‌. തന്റെ വാട്‌സാപ്പ്‌ സന്ദേശത്തിന്റെ പൂര്‍ണ്ണ രൂപം അദ്ദേഹം മാധ്യമങ്ങളെ കേള്‍പ്പിക്കുകയും ചെയ്തു.

സാമൂഹിക മാധ്യമങ്ങള്‍ വഴി സിപിഎമ്മിനും സര്‍ക്കാരിനുമെതിരെ നടത്തുന്ന, ചില കേന്ദ്രങ്ങള്‍ പടച്ചുവിടുന്ന തെറ്റായ പ്രചാര വേലകള്‍ തുറന്നുകാട്ടണം. സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കണമെന്നുമാണ് സിപിഎം പ്രവര്‍ത്തകര്‍ക്ക് നല്‍കിയ പൊതുവായ നിര്‍ദേശം.

തൊഴില്‍ രഹിതരെ സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ യുഡിഎഫും ബിജെപിയും ശ്രമിക്കുന്നുണ്ട്. മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും സിപിഎമ്മിനെതിരെ പടച്ചിടുന്ന പച്ചക്കള്ളങ്ങള്‍ പൊളിച്ചടക്കുക എന്നതാണ് ഉദ്ദേശം. തൊഴില്‍ അന്വേഷകര്‍ക്കെതിരല്ല എല്‍ഡിഎഫ്.

യുഡിഎഫിനും ബിജെപിക്കും വേണ്ടി നവമാധ്യമങ്ങളില്‍ പെയ്ഡ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു കേന്ദ്രത്തില്‍ നിന്ന് തയ്യാറാക്കുന്ന ഒരേ രീതിയിലുള്ള കുറിപ്പുകളാണ് സിപിഎം പേജുകളിലും നേതാക്കളുടെ പേജുകളിലും ഫെയ്‌സ്ബുക്ക് ലൈവുകള്‍ക്കിടെ പ്രതികരണമായി വന്നുകൊണ്ടിരിക്കുന്നത്.

തൊഴില്‍ അന്വേഷകരുടേതാണെന്ന് വ്യാജേനയാണ് ഈ നടപടി. ഇത്തരത്തിലുള്ളവരെ കുറിച്ച് ഞങ്ങള്‍ ഒരു അന്വേഷണം നടത്തി. റാങ്ക് ലിസ്റ്റുകളില്‍ പേരുള്ളവരല്ല ഇങ്ങനെ കമന്റുകളിടുന്നവര്‍. യൂത്ത്‌കോണ്‍ഗ്രസിന്റെ ഈ പ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ടവരാണ് അവര്‍. ആസൂത്രിതമായ ഈ പ്രചാരവേലയെ തുറന്നു കാട്ടേണ്ടതുണ്ട്.

നേതാക്കളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ വിഷയവുമായി ബന്ധമില്ലാത്ത കമന്റുകള്‍ വന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് സൂക്ഷിക്കണമെന്നും കമന്റുകള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശം നല്‍കിയത്. നവമാധ്യമങ്ങളിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്തികൊണ്ടു മാത്രമേ ഇന്നത്തെ സാഹചര്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനാകൂവെന്നും ജയരാജന്‍ പറഞ്ഞു.

സൈബര്‍ ഗുണ്ടായിസവും അപവാദപ്രചാരണവും ഒരിക്കലും അംഗീകരിക്കാനാവില്ല.സഭ്യേതര ഭാഷകള്‍ ഉപയോഗിച്ച് പ്രതികരിക്കാന്‍ പാടില്ലെന്ന് കര്‍ശന നിലാപാട് സിപിഎം എടുത്തിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളെ ക്രിയാത്മകമായി ഉപയോഗിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular