ഗര്‍ഭിണിക്ക് മിസോറം എം.എല്‍.എ. ശസ്ത്രക്രിയ നടത്തി

ഗര്‍ഭിണിക്ക് അടിയന്തര പ്രസവ ശസ്ത്രക്രിയ നടത്തി എം.എല്‍.എ. മിസോറം നിയമസഭയില്‍ വെസ്റ്റ് ചാംഫായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇസഡ്.ആര്‍.ധിയാമസംഗയാണ് ഗുരുതരവസ്ഥയിലായിരുന്ന ഗര്‍ഭിണിക്ക് ശസ്ത്രക്രിയ നടത്തിയത്.

ചാംഫായി ജില്ലയിലെ ഉള്‍ഗ്രാമത്തില്‍ താമസിക്കുന്ന സി.ലാല്‍മംഗായ്‌സാങി എന്ന 38കാരിക്കാണ് അടിയന്തര സാഹചര്യത്തില്‍ എം.എല്‍.എ. രക്ഷകനായത്. ലാല്‍മംഗായ്‌സാങിയുടെ രണ്ടാമത്തെ കുഞ്ഞാണിത്.

മേഖലയില്‍ അടുത്തിടെയുണ്ടായ ഭൂകമ്പം, കൊറോണ സാഹചര്യം എന്നിവ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മ്യാന്‍മര്‍ അതിര്‍ത്തിക്കു സമീപത്തെ വടക്കന്‍ ചാംഫായില്‍ ധിയാമസംഗ എത്തിയത്.

അപ്പോഴാണ് അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഗര്‍ഭിണിയുടെ കാര്യം ഇദ്ദേഹം അറിഞ്ഞത്. ചാംഫായി ആശുപത്രിയിലെ ഡോക്ടര്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയിലും ആയിരുന്നു.

ഏകദേശം 200 കിലോമീറ്ററോളം അകലെയുള്ള ഐസ്വാളിലെ ആശുപത്രിയിലേക്ക് പോകാവുന്ന നിലയിലായിരുന്നില്ല ലാല്‍മംഗായ്‌സാങി ഉണ്ടായിരുന്നത്. ലാല്‍മംഗായ്‌സാങിയുടെ അവസ്ഥ അറിഞ്ഞ ഉടന്‍ ചാഫായി ആശുപത്രിയില്‍ എത്തിയ ധിയാമസംഗ പ്രസവ ശസ്ത്രക്രിയ നടത്തുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുകയാണ്. ഇരുവര്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല.

ഒബ്‌സ്‌ട്രെിക്‌സ്- ഗൈനക്കോളജി വിദഗ്ധനായ ധിയാമസംഗ, നിയമസഭാംഗമായതിനു പിന്നാലെയാണ് മുഴുവന്‍ സമയ ഡോക്ടര്‍ ജോലിയോട് വിട പറഞ്ഞത്.

ഇതാദ്യമായല്ല, ഉള്‍പ്രദേശങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് സഹായവുമായി ധിയാമസംഗ എത്തുന്നത്. ഇന്ത്യ-മ്യന്‍മര്‍ അതിര്‍ത്തിയിലെ ക്യാമ്പില്‍ കടുത്ത വയറുവേദനയെ തുടര്‍ന്ന് വലഞ്ഞ ജവാനും സഹായവുമായി ധിയമസംഗ എത്തിയിരുന്നു. അന്ന്, പുഴ കടന്ന് നിരവധി കിലോമീറ്റര്‍ നടന്നാണ് ധിയമസംഗ സൈനിക ക്യാമ്പിലെത്തിയത്.

മിസോ നാഷണല്‍ ഫ്രണ്ട് പ്രതിനിധിയായ ധിയാമസംഗ, 2018ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെയാണ് പരാജയപ്പെടുത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular