വിശപ്പ് സഹിക്കാതെ സാഹസം ? അകത്താക്കിയത് പഴംപൊരിയും പുട്ടും കറിയും

തുറവൂർ: അരൂർ വട്ടക്കേരി ക്ഷേത്രത്തിനു സമീപമുള്ള ജയകുമാറിന്റെ ചായക്കടയുടെ പിന്നിലെ ഗ്രില്ല് തകർത്ത് മോഷ്ടാവ് അകത്തു കയറി ഭക്ഷണം കഴിച്ചു. അതും 2 ദിവസം തുടർ‌ച്ചയായി. ആദ്യ ദിവസം അകത്താക്കിയത് അലമാരയിൽ ഉണ്ടായിരുന്ന 5 പഴംപൊരിയാണ്. രണ്ടാം ദിവസം കഴിച്ചത് പുട്ടും പരിപ്പു കറിയും. കുറച്ച് നാണയത്തുട്ടും കൈക്കലാക്കി.

വിശപ്പ് സഹിക്കാൻ കഴിയാത്തതുമൂലം ഭക്ഷണം മോഷ്ടിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. ചായക്കടയുടെ ഏതാനും മീറ്റർ അകലെയുള്ള കുമർത്തുശേരിൽ സിയാദിന്റെ പലവ്യഞ്ജനക്കടയിൽ കയറാനുള്ള മോഷ്ടാവിന്റെ ശ്രമം വിഫലമായി. കടയുടെ പിന്നിലെ ഭിത്തി ഒരാൾക്കു കയറാൻ കഴിയുന്നവിധം തുരന്നെങ്കിലും ഭിത്തിയുടെ ഭാഗം കഴിഞ്ഞ് അകത്ത് തടസ്സങ്ങൾ ഉണ്ടായിരുന്നതിനാൽ കയറാനായില്ല.

പലവ്യഞ്ജന കടയുടെ സിസിടിവി ക്യാമറ തകർത്ത ശേഷമാണ് മോഷ്ടാവ് ഭിത്തി തുരക്കാൻ തുടങ്ങിയത്. ചായക്കടയിലും പലവ്യഞ്ജനക്കടയിലും കയറിയത് ഒരാൾ തന്നെ ആയിരിക്കുമെന്നാണ് പൊലീസ് കരുതുന്നത്. അരൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Similar Articles

Comments

Advertismentspot_img

Most Popular