അന്ന് ട്രെയിനിന് അപായ സൂചന നല്‍കി നൂറുകണക്കിനാളുകളുടെ ജീവന്‍ രക്ഷിച്ചു; ഇന്ന് ഓര്‍മയാകുമ്പോഴും എട്ടുപേര്‍ക്ക് ജീവന് സഹായമായി അനുജിത്ത്‌

2010 സെപ്റ്റംബര്‍ ഒന്നിന് ഇറങ്ങിയ മലയാളം പത്രങ്ങളുടെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു ‘പാളത്തില്‍ വിള്ളല്‍: ചുവന്ന സഞ്ചി വീശി വിദ്യാർഥികള്‍ അപകടം ഒഴിവാക്കി’ എന്നത്. അതിനു നേതൃത്വം നല്‍കിയത് ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാർഥിയും കൊട്ടാരക്കര എഴുകോണ്‍ ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തില്‍ ശശിധരന്‍ പിള്ളയുടെ മകനുമായ അനുജിത്തായിരുന്നു.

പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് അര കിലോമീറ്ററോളം ട്രാക്കിലൂടെ ഓടി ചുവന്ന പുസ്തകസഞ്ചി വീശിയാണ് അനുജിത്തും സുഹൃത്തും അപായ സൂചന നല്‍കിയത്. നൂറുകണക്കിന് യാത്രക്കാരുമായി എത്തിയ ട്രെയിന്‍ കൃത്യസമയത്ത് നിര്‍ത്താനായതിനാല്‍ വന്‍ദുരന്തം ഒഴിവാക്കാനായി. അന്ന് നിരവധി പേരുടെ ജീവന്‍ രക്ഷിച്ച അനുജിത്ത് (27) അകാലത്തിൽ ഓര്‍മയാകുമ്പോഴും 8 പേരിലൂടെ ഇനിയും ജീവിക്കും, നമുക്കെല്ലാം മാതൃകയായി.

അപടകത്തെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അനുജിത്ത് മസ്തിഷക മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന്സ ന്നദ്ധരാകുകയായിരുന്നു. ഹൃദയം, വൃക്കകള്‍, 2 കണ്ണുകള്‍, ചെറുകുടല്‍, കൈകള്‍ എന്നിവയാണ് മറ്റുള്ളവര്‍ക്കായി നല്‍കിയത്. തീവ്ര ദുഃഖത്തിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധരായ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും നന്ദിയും ആദരവുമറിയിച്ചു.

അനേകം പേരെ രക്ഷിച്ച് ജീവിതത്തില്‍ തന്നെ മാതൃകയായ അനുജിത്തിന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്കു ചേരുന്നതായും ശൈലജ വ്യക്തമാക്കി. ഈ മാസം 14ന് കൊട്ടാരക്കരയ്ക്ക് സമീപമാണ് അനുജിത്ത് ഓടിച്ച ബൈക്കിന് അപകടം സംഭവിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന അനുജിത്തിനെ ഉടനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവന്തപുരം മെഡിക്കല്‍ കോളജിലും കിംസ് ആശുപത്രിയിലുമെത്തിച്ചു. ജീവന്‍ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും ഡോക്ടര്‍മാര്‍ നടത്തിയെങ്കിലും 17ന് മസ്തിഷ്‌ക മരണമടയുകയായിരുന്നു.

രണ്ട് അപ്നിയ ടെസ്റ്റ് നടത്തി മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. അവയവദാനത്തിന്റെ സാധ്യതകളറിയാവുന്ന ഭാര്യ പ്രിന്‍സിയും സഹോദരി അജല്യയും മുന്നോട്ട് വരികയായിരുന്നു. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (KNOS) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും മറ്റ് പല വകുപ്പുകളുടെയും സഹകരണത്തോടെയാണ് അവയവദാന വിന്യാസം നടന്നത്.

തൃപ്പുണിത്തുറ സ്വദേശി സണ്ണി തോമസിനാണ് (55) ഹൃദയം എത്തിച്ച് നല്‍കിയത്. എറണാകുളത്ത് ചികിത്സയിലുള്ള രോഗിക്ക് കൃത്യസമയത്ത് ഹൃദയം എത്തിക്കുന്നതിനുള്ള ദൗത്യം വളരെ വലുതായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റര്‍ ഇതിനായി വിട്ടുകൊടുത്തു. ഈ ഹെലികോപ്റ്ററിന്റെ രണ്ടാം അവയവ വിന്യാസ ദൗത്യമായിരുന്നു ഇത്. തിരുവനന്തപുരം, എറണാകുളം ജില്ലാ ഭരണകൂടങ്ങൾ, ആരോഗ്യം, പൊലീസ്, ട്രാഫിക് തുടങ്ങി പല സര്‍ക്കാര്‍ വകുപ്പുകളുടെയും ഏകോപനത്തോടെയാണ് അവയവദാനം നടന്നത്.

follow us: PATHRAM ONLINE LATEST NEWS

anujith organ donation

Similar Articles

Comments

Advertismentspot_img

Most Popular