ഒടുവില്‍ സുശാന്തിന്റെ ആത്മഹത്യയില്‍ പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

സുശാന്ത് സിങ്ങ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് ബോളിവുഡില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. ഗോഡ് ഫാദറില്ലാതെ സിനിമയില്‍ ഉയര്‍ന്നുവരുന്ന അഭിനേതാക്കളെ ചില താരങ്ങള്‍ അവരുടെ സ്വാധീനം ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നുവെന്ന അഭിപ്രായവുമായി രവീണ ഠണ്ടന്‍, കങ്കണ റണാവത്ത്, വിവേക് ഒബ്‌റോയി, ഗായകന്‍ സോനു നിഗം എന്നിവര്‍ രംഗത്ത് വന്നതും വിവാദമായി.

ഇതിന് പിന്നാലെ സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതില്‍ സല്‍മാന്‍ ഖാന്‍, കരണ്‍ ജോഹര്‍, ഏക്ത കപൂര്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി ഇവര്‍ക്കെതിരേ കേസെടുക്കാന്‍ അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജ ബീഹാര്‍ മുസാഫര്‍പുര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഇവര്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങളിലടക്കം രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. നടി ജിയാ ഖാന്റെ മാതാവ് റാബിയ മകളുടെ മരണവുമായി ബന്ധപ്പെട്ട് സല്‍മാന്‍ ഖാനെതിരേ രംഗത്ത് വന്നതും ചര്‍ച്ചയായിരുന്നു. 2013 ലാണ് ജിയ ആത്മഹത്യ ചെയ്തത്. കേസില്‍ പ്രതിസ്ഥാനത്ത് നിന്ന സൂരജ് പഞ്ചോളിയെ സംരക്ഷിക്കുന്ന നീക്കം സല്‍മാന്റെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും ജിയയുടെ മാതാവ് കുറ്റപ്പെടുത്തി.

സുശാന്തിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ ആരാധകരടക്കം ഒട്ടനവധിയാളുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സല്‍മാനെതിരേ രംഗത്ത് വന്നു. ഇതിന് തൊട്ടുപിന്നാലെ സല്‍മാന് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ ആരാധകരും രംഗത്തെത്തി. ഇരുകൂട്ടരും തമ്മില്‍ കടുത്ത വാക്‌പോരാണ് ട്വിറ്ററിലടക്കം അരങ്ങേറുന്നത്. എന്തായാലും സാമൂഹിക മാധ്യമങ്ങളിലെ ‘പോരാട്ടം’ പരിധി കടന്നതോടെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സല്‍മാന്‍.

”എന്റെ എല്ലാ ആരാധകരോടും സുശാന്തിന്റെ ആരാധകര്‍ക്കൊപ്പം നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മോശമായ ഭാഷയിടെയും ശാപ വാക്കുകളുടെയും പിറകില്‍ പോകാതെ, അതിന്റെ പിന്നിലുള്ള വികാരത്തിനൊപ്പം പോകുക. പ്രിയപ്പെട്ട ഒരാളുടെ നഷ്ടം അങ്ങേയറ്റം വേദനാജനകമായതിനാല്‍, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആരാധകരുടെ നിലപാടിനെ ഞാന്‍ പിന്തുണക്കുന്നു” സല്‍മാന്‍ കുറിച്ചു.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular