കളമശേരി പൊലീസ് സ്റ്റേഷനില്‍ ഒരു പൊലീസുകാരനു കൂടി കോവിഡ് ;സംസ്ഥാനത്ത് ആശങ്ക കൂടുന്നു

കൊച്ചി: കളമശേരി പൊലീസ് സ്റ്റേഷനില്‍ ഒരു പൊലീസുകാരനു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച പെരുമ്പാവൂര്‍ വെങ്ങോല സ്വദേശിയായ പൊലീസുകാരന്റെ നാട്ടുകാരനും ഒരുമിച്ച് ഹോം ക്വാറന്റീനില്‍ കഴിയുന്ന ആളുകളെ നിരീക്ഷിക്കാന്‍ സഞ്ചരിക്കുകയും ചെയ്തയാളാണ് ഇദ്ദേഹം. ഇരുവരും കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോവിഡ് സെന്റര്‍ പൊലീസ് എയ്ഡ് പോസ്റ്റില്‍ ജോലി ചെയ്തിരുന്നു.

ഇന്നലെ വൈകുന്നേരത്തോടെയാണ് രണ്ടാമത്തെ പൊലീസുകാരന് രോഗം സ്ഥിരീകരിച്ചത്. അതുകൊണ്ടു ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയില്‍ ഇദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. ഇന്ന് വൈകിട്ട് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

പ്രദേശവാസിയായ ഒരാള്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ വെങ്ങോല പഞ്ചായത്ത് 17ാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയോടെ ഇവിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കലക്ടര്‍ ഉത്തരവ് വന്നിരുന്നു. പ്രദേശത്ത് പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

അതേസമയം, കളമശേരി സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കര്‍ശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ആദ്യം രോഗം സ്ഥിരീകരിച്ച പൊലീസുകാരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നു എന്നു കരുതുന്ന 59 പൊലീസുകാരെ ക്വാറന്റീനില്‍ അയച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടിക തയാറാക്കിയിട്ടുണ്ടെങ്കിലും പുറത്തു വിട്ടിട്ടില്ല. പട്ടിക പൂര്‍ണമല്ല എന്നതിനാലാണ് പുറത്തു വിടാത്തതെന്നാണ് വിവരം. പലപ്പോഴായി ജോലിയോടനുബന്ധിച്ച് പല സ്ഥലങ്ങളില്‍ യാത്ര ചെയ്തതിനാല്‍ കൃത്യമായ പട്ടിക തയാറാക്കുക ശ്രമകരമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വിശദീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പൊലീസുകാരന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുകയും ഫയലുകള്‍ കൈമാറുകയും ചെയ്ത പശ്ചാത്തലത്തില്‍ ഹൈക്കോടതിയില്‍ നിന്നുള്ള ജഡ്ജി സുനില്‍ തോമസ് സ്വയം ക്വാറന്റീനില്‍ പോകുകയായിരുന്നു. ഹൈക്കോടതി കവാടത്തിലെ പൊലീസ് ഔട്ട്‌പോസ്റ്റിലും എത്തിയിരുന്നതിനാല്‍ ഇവിടെ ഉണ്ടായിരുന്നവരും ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇന്ന് ഹൈക്കോടതിയില്‍ അണുമുക്തമാക്കല്‍ നടപടികളും സ്വീകരിച്ചു. ഫയലുകള്‍ പലര്‍ കൈകാര്യം ചെയ്തിരുന്നതിനാല്‍ ജീവനക്കാര്‍ പലരും ആശങ്കയിലുമാണ്.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular