കലൂര്‍ സ്റ്റേഡിയത്തിലെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പവിലിയനിലെ സാധനങ്ങള്‍ എടുത്തുകളഞ്ഞെന്ന് വിവാദത്തിന് മറുപടി

കൊച്ചി : കലൂര്‍ സ്റ്റേഡിയത്തിലെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പവിലിയനിലെ സാധനങ്ങള്‍ എടുത്തുകളഞ്ഞെന്നും അതു വിവാദമാക്കുന്നില്ലെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) സെക്രട്ടറി ആയിരിക്കെ 2018 മാര്‍ച്ച് 20നു ജയേഷ് ജോര്‍ജ് വ്യക്തമാക്കുന്ന വിഡിയോ പുറത്ത്. 2017ല്‍ അണ്ടര്‍ 17 ലോകകപ്പിന്റെ ഒരുക്കങ്ങള്‍ക്കായി സച്ചിന്‍ പവിലിയനിലെ സാധനങ്ങള്‍ എടുത്തു മാറ്റണമെന്നു സ്റ്റേഡിയം ഉടമകളായ ജിസിഡിഎ നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്നു കേരള ബ്ലാസ്റ്റേഴ്‌സ് പ്രതികരിച്ചു.

ലോകകപ്പ് വരുന്ന വേളയിലും 2018ലും ജയേഷ് ജോര്‍ജ് സ്വീകരിച്ച നിലപാടിനു വിരുദ്ധമാണു കെസിഎ നേതൃത്വത്തിന്റെ ഇപ്പോഴത്തെ നിലപാട്. പവിലിയനിലെ സാധനങ്ങള്‍ നഷ്ടമായതിനെക്കുറിച്ചു ബ്ലാസ്റ്റേഴ്‌സ് മറുപടി നല്‍കിയില്ലെങ്കില്‍ നിയമനടപടിക്ക് ഒരുങ്ങുമെന്നു കഴിഞ്ഞ ദിവസം കെസിഎ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍, പവിലിയനിലെ സാധനങ്ങള്‍ എടുത്തു മാറ്റിയ സമയത്തു ബ്ലാസ്റ്റേഴ്‌സിനു സ്റ്റേഡിയത്തില്‍ സാന്നിധ്യമോ അവകാശമോ ഉണ്ടായിരുന്നില്ല.

ചില വസ്തുതകള്‍:

2016 ഡിസംബര്‍ 18: ഐഎസ്എല്‍ 3-ാം സീസണ്‍ ഫൈനല്‍ കൊച്ചിയില്‍.

2017 ഡിസംബര്‍ അവസാനവാരം: സ്റ്റേഡിയം കേരള ബ്ലാസ്റ്റേഴ്‌സ് തിരികെ നല്‍കുന്നു.

2017 ജനുവരി: അണ്ടര്‍ 17 ലോകകപ്പിനായി പ്രാദേശിക സംഘാടക സമിതി (എല്‍ഒസി) രൂപീകരിക്കുന്നു. ലോകകപ്പിനുള്ള ജോലികള്‍ ആരംഭിക്കുന്നു.

2017 ഫെബ്രുവരി: ഫിഫ

സംഘത്തിന്റെ ആദ്യ സന്ദര്‍ശനം

2017 മാര്‍ച്ച്: ഫിഫ സംഘത്തിന്റെ 2ാം സന്ദര്‍ശനം.

2017 മാര്‍ച്ച്: സച്ചിന്‍ പവിലിയന്‍ ഉള്‍പ്പെടെയുള്ള മേഖലകള്‍ ഒഴിഞ്ഞുതരണമെന്നു ജിസിഡിഎയുടെ നിര്‍ദേശം. എല്‍ഒസി ഓഫിസ് തുടങ്ങാനാണെന്നും വ്യക്തമാക്കിയിരുന്നു.

2017 മാര്‍ച്ച്: സാധനങ്ങള്‍ എടുത്തു മാറ്റിയശേഷം പ്രാദേശിക സംഘാടക സമിതി ഓഫിസ് സച്ചിന്‍ പവിലിയനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് 2017 മാര്‍ച്ചില്‍ രംഗത്തില്ല. അണ്ടര്‍ 17 ലോകകപ്പിന്റെ പ്രാദേശിക സമിതിയാണോ (എല്‍ഒസി) കെസിഎയാണോ എടുത്തു മാറ്റിയത്? സാധനങ്ങള്‍ എടുത്തു മാറ്റിയപ്പോഴോ എല്‍ഒസി ഓഫിസ് തുറന്നു ജീവനക്കാര്‍ ജോലി തുടങ്ങിയപ്പോഴോ ചെറുത്തുനില്‍പോ ഒച്ചപ്പാടോ ഉണ്ടായില്ലെന്ന് അന്ന് എല്‍ഒസി ദൗത്യത്തില്‍ ഉള്‍പ്പെട്ടവര്‍ ഓര്‍മിക്കുന്നു.

എല്‍ഒസി പ്രവര്‍ത്തനം തുടങ്ങിയപ്പോഴും പവിലിയനില്‍ സച്ചിന്റെ ബാല്യകാലം ഓര്‍മിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഉണ്ടായിരുന്നു. പിന്നീടുള്ള ഐഎസ്എല്‍ സീസണുകളില്‍ വിഐപി പവിലിയനാക്കി മാറ്റിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സും അവ സൂക്ഷിച്ചു. പക്ഷേ, ബാറ്റുകളും സച്ചിന്റെ കുപ്പായവും ഉള്‍പ്പെടെയുള്ള സ്മരണികകളാണു കാണാതായത്.

സ്മരണികകള്‍ സച്ചിന്‍ സമ്മാനിച്ചതു കെസിഎയ്ക്കാണ്. സൂക്ഷിപ്പ് അവകാശവും അവര്‍ക്കുതന്നെ. അവരുടെ അനുമതി കൂടാതെ എടുത്തു മാറ്റിയെങ്കില്‍, മാറ്റിയവ കാണാതായെങ്കില്‍ അതു കടന്നുകയറ്റവും കവര്‍ച്ചയുമാണ്. എങ്കില്‍, എന്തുകൊണ്ടു പൊലീസില്‍ പരാതിപ്പെട്ടില്ല? 2018ല്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ വിഡിയോ അഭിമുഖത്തില്‍ അന്നത്തെ കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ്, ‘അതു വിവാദമാക്കുന്നില്ല’ എന്നു വ്യക്തമാക്കി. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഒപ്പുവച്ച അമൂല്യ സ്മരണികകള്‍ കാണാതായെങ്കില്‍ കണ്ടെത്തേണ്ട ബാധ്യത കെസിഎയ്ക്ക് ഇല്ലേ? 3 വര്‍ഷം കാത്തിരുന്നത് എന്തിന്? ചോദ്യങ്ങള്‍ ബാക്കിയാണ്. സച്ചിന്റെ പേരില്‍ പവിലിയന്‍ എന്ന ആശയം മുന്നോട്ടുവച്ചതു ‘മലയാള മനോരമ’ ആയിരുന്നു.

സച്ചിന്‍ പവിലിയനെക്കുറിച്ചു ജയേഷ് ജോര്‍ജ് 2018 മാര്‍ച്ചില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലെ പ്രസക്ത വാചകങ്ങള്‍: ‘കെസിഎ 1012 ലക്ഷം രൂപ മുടക്കി അദ്ദേഹത്തെ (സച്ചിന്‍ തെന്‍ഡുല്‍ക്കര്‍) ആദരിക്കാനായി ഉണ്ടാക്കിയതാണ്. അദ്ദേഹത്തിന്റെ പഴയ മെമ്മറീസും ഫോട്ടോസും സെഞ്ചുറീസും ബാറ്റുമൊക്കെ വച്ചിട്ട്. അദ്ദേഹം ഒപ്പിട്ട ഷര്‍ട്ട്… ധോണി വന്ന് ഉദ്ഘാടനം ചെയ്തു.

തെന്‍ഡുല്‍ക്കര്‍ ഒപ്പിട്ട ബാറ്റൊക്കെ ഇവിടെയുണ്ട്. അതൊക്കെ എടുത്തുകളഞ്ഞു. ഞങ്ങള്‍ പ്രതികരിച്ചോ? ഞങ്ങളതൊരു വിവാദമാക്കിയില്ല. കാരണം നല്ലൊരു മാച്ച് നടക്കട്ടെ, വേള്‍ഡ് കപ്പ് വരട്ടെ, കുട്ടികള്‍ കാണട്ടെ, കളിക്കട്ടെ. ഞങ്ങള്‍ക്കു വിവാദങ്ങളില്ല. ഇപ്പോഴുള്ള ‘ലെറ്റ്‌സ് ഫുട്‌ബോള്‍’ എന്നതുതന്നെയാണു ഞങ്ങള്‍ക്കും ആഗ്രഹം. ക്രിക്കറ്റിനൊപ്പം ഫുട്‌ബോളും വേണം. ഒരു സ്‌പോര്‍ട്‌സിനു വേറൊരു സ്‌പോര്‍ട്‌സിനെ നശിപ്പിക്കേണ്ട കാര്യമില്ല. ഞങ്ങളും ഫുട്‌ബോളിന് അനുകൂലമായിത്തന്നെയാണ്.’

സ്റ്റേഡിയത്തിന്റെ ഉടമകളല്ല ബ്ലാസ്റ്റേഴ്‌സ്; സംരക്ഷകരുമല്ല. 3ാം സീസണിനുശേഷം കെഎഫ്എയ്ക്കാണു സ്റ്റേഡിയം കൈമാറിയത്. അണ്ടര്‍ 17 ലോകകപ്പിനുവേണ്ടിയുള്ള മാറ്റങ്ങളില്‍ ഞങ്ങള്‍ക്കു പങ്കില്ല. സാധനങ്ങള്‍ കാണാതായെന്നു പരാതിയുണ്ടെങ്കില്‍ ജിസിഡിഎയുമായി ചര്‍ച്ച ചെയ്യണം. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടാണു കൊച്ചി. അങ്ങനെ തുടരുകയും ചെയ്യും. കേരളത്തിലെ ഫുട്‌ബോള്‍ വികസനത്തിലാണു ഞങ്ങളുടെ ശ്രദ്ധ. നിഖില്‍ ഭരദ്വാജ്, ബ്ലാസ്റ്റേഴ്‌സ് ടീം ഉടമ.

ഫിഫ അണ്ടര്‍ 17 ലോകകപ്പിനായി സ്റ്റേഡിയം വിട്ടുകൊടുത്തപ്പോള്‍ സച്ചിന്‍ പവിലിയനിലെ അമൂല്യമായ വസ്തുക്കളും ഫോട്ടോകളുമെല്ലാം താല്‍ക്കാലികമായി മാറ്റിയിരുന്നു. ലോകകപ്പ് കഴിഞ്ഞു പവിലിയന്‍ പഴയ നിലയില്‍ സജ്ജമാക്കാവുന്ന നിലയിലായിരുന്നു. അതുകൊണ്ട് അന്നതു വിവാദമാക്കിയില്ല.

എന്നാല്‍, ജിസിഡിഎയില്‍ നിന്നു പാട്ടത്തിനെടുത്തിരുന്ന കെസിഎയെ ഒഴിവാക്കി സ്റ്റേഡിയം ബ്ലാസ്റ്റേഴ്‌സിന് ഏകപക്ഷീയമായി വിട്ടുകൊടുത്തതോടെ അതിനു കഴിയാതെ പോയി. സച്ചിന്‍ പവിലിയന്‍ പൂര്‍ണമായി നശിപ്പിച്ച് അതിനെ മൂന്നായി തിരിച്ച് കോര്‍പറേറ്റ് ബോക്‌സ് ആക്കി മാറ്റിയത് ബ്ലാസ്റ്റേഴ്‌സ് ആണ്. സച്ചിന്റെ ചിത്രം ഉള്‍പ്പെടുന്ന വാള്‍പേപ്പറുകള്‍ നീക്കം ചെയ്ത് ബ്ലാസ്റ്റേഴ്‌സ് അവരുടെ ബ്രാന്‍ഡിങ് വാള്‍ പേപ്പര്‍ ഒട്ടിച്ചു. ഇതാണു കെസിഎ ചോദ്യം ചെയ്യുന്നത്. കലൂര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റും ഫുട്‌ബോളും ഒരുപോലെ നടക്കണമെന്ന നിലപാടാണ് അന്നും ഇന്നുമുള്ളത്..”

(ബിസിസിഐ ജോയിന്റ് സെക്രട്ടറി)

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular