നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കും; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ലോക്ഡൗണില്‍ ഇളവു നല്‍കിയതിനെത്തുടര്‍ന്ന് ജനങ്ങള്‍ പലയിടത്തും കൂട്ടംകൂടുന്നുണ്ടെന്നും ഇത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മരണാനന്തര ചടങ്ങിന് 20പേരേ പാടുള്ളൂ എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, ഇതില്‍ കൂടുതല്‍പേര്‍ പലഘട്ടങ്ങളിലായി മരണവീട്ടില്‍ കയറി ഇറങ്ങുന്ന സാഹചര്യം ഉണ്ട്.

വിവാഹത്തിന് 50പേര്‍ക്കാണ് അനുമതി. ഇത് ലംഘിച്ച് വിവാഹത്തിനു മുന്‍പും ശേഷവും ആളുകള്‍ കൂടുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ കര്‍ശനമായ നിലപാട് വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബസ് സ്റ്റാന്‍ഡിലും ഓട്ടോകളിലും തിരക്കുണ്ട്. വിലക്കു ലംഘിച്ച് ആളുകളെ കയറ്റുന്നവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.

തിരക്ക് ഒഴിവാക്കാന്‍ പൊലീസ് നടപടിയും കര്‍ശനമാക്കും. ആരോഗ്യപ്രവര്‍ത്തകര്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നത് കര്‍ശനമാക്കണം. പിപിഇ കിറ്റുകള്‍ ധരിക്കാതെ രോഗികളുമായി ഇടപഴകരുത്. പൊലീസ് ഉദ്യോസ്ഥരും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ല. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കും. എന്നാല്‍, നിയന്ത്രണം നടപ്പിലാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ജീവനോപാധിക്ക് ഇളവുകള്‍ നല്‍കേണ്ടതുണ്ട്. ജനങ്ങളെ ജനപ്രതിനിധികള്‍ ബോധവല്‍ക്കരിക്കണം. ഒറ്റമനസോടെ ഇറങ്ങിയാല്‍ രോഗ വ്യാപനം തടയാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular