‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ പാക്കേജിന്റെ മൂന്നാം ഘട്ട പ്രഖ്യാപനത്തില്‍

DLO…..ന്യൂഡല്‍ഹി : മോദി സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. ചരക്കുനീക്കം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടുന്ന എട്ടും ഭരണപരമായി കാര്യക്ഷമത ഉറപ്പിക്കാനുള്ള മൂന്ന് എന്നിങ്ങനെ കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്ന 11 ഇന പദ്ധതികളാണ് പാക്കേജിന്റെ മൂന്നാം ഘട്ട പ്രഖ്യാപനത്തില്‍ ധനമന്ത്രി നടത്തിയത്.

‘കൃഷി ആശ്രയിച്ചാണ് ഇന്ത്യയിലെ ഭൂരിഭാഗം പേരും ജീവിക്കുന്നത്. ആഗോളതലത്തില്‍ ഇന്ത്യയെ മുന്നിലെത്തിക്കാന്‍ രാജ്യത്തെ കര്‍ഷകര്‍ ശ്രമിക്കുന്നു. രാജ്യത്ത് 85 ശതമാനവും ചെറുകിട നാമമാത്ര കര്‍ഷകരാണ്. വിതരണ ശൃംഖലയെ മെച്ചപ്പെടുത്തിയുള്ള കാര്‍ഷിക മുന്നേറ്റത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.” – പ്രഖ്യാപനങ്ങള്‍ക്ക് ആമുഖമായി നിര്‍മല പറഞ്ഞു.

ലോക്ഡൗണിന്റെ രണ്ടു മാസത്തിലും കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. 74,300 കോടി രൂപയ്ക്കുള്ള കാര്‍ഷിക ഉത്പന്നങ്ങളാണ് ലോക്ഡൗണ്‍ കാലയളവില്‍ താങ്ങുവില അടിസ്ഥാനമാക്കി കേന്ദ്രം സംഭരിച്ചത്. പിഎം കിസാന്‍ സമ്മാന്‍ യോജന വഴി 18,700 കോടി രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് മാറ്റി. പിഎം കിസാന്‍ ഭീമ യോജന വഴി രണ്ടു മാസത്തിനിടെ കര്‍ഷകര്‍ക്ക് 6400 കോടി രൂപ നല്‍കിയെന്നും മന്ത്രി വിശദീകരിച്ചു.

കാര്‍ഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. സംഭരണസൗകര്യങ്ങള്‍ വിപുലമാക്കാനും മറ്റുമാണ് ഇത് പ്രധാനമായും ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും ദീര്‍ഘദൂരം കേടുകൂടാതെ എത്തിക്കാന്‍ ശീതീകരണ ശൃംഖല സ്ഥാപിക്കും. ആഗോളതലത്തില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് സഹായമാകും.

ചെറുകിട ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ക്കായി പതിനായിരം കോടി രൂപയുടെ പദ്ധതി നടപ്പാക്കും. അസംഘടിത മേഖലയിലെ രണ്ട് ലക്ഷം സംരംഭങ്ങള്‍ക്ക് ഇത് സഹായകരമാകും. സഹകരണ സംഘങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍, മറ്റ് സംരംഭങ്ങള്‍ എന്നിവയ്ക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാണ് ഈ തുക വിനിയോഗിക്കുക. യുപിയിലെ മാങ്ങ, കശ്മീരിലെ കുങ്കുമം, വടക്കുകിഴക്കന്‍ മേഖലയിലെ മുളയുല്‍പ്പന്നങ്ങള്‍, ആന്ധ്രയിലെ മുളക്, തമിഴ്‌നാട്ടിലെ മരച്ചീനി തുടങ്ങിയ വിളകളുടെ കയറ്റുമതിക്ക് ഇത്തരത്തില്‍ സഹായം ഒരുക്കും. ഇവയെ ആഗോള ബ്രാന്റുകളാക്കി മാറ്റാന്‍ ശ്രമിക്കും. കര്‍ഷകര്‍ക്ക് ഇ–ട്രേഡിങ് സൗകര്യം ലഭ്യമാക്കും. തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വിപണനം തടസ്സമില്ലാതെ ഉറപ്പാക്കുന്ന ഓപ്പറേഷന്‍ ഗ്രീനില്‍ എല്ലാ പച്ചക്കറികളെയും ഉള്‍പ്പെടുത്തി.

മത്സ്യബന്ധന മേഖലയില്‍ 20,000 കോടിയുടെ പദ്ധതികള്‍ നടപ്പാക്കും. ഇതില്‍ 11,000 കോടി രൂപ സമുദ്ര, ഉള്‍നാടന്‍ മത്സ്യബന്ധനത്തിനും മത്സ്യ കൃഷിക്കും നീക്കിവച്ചു. 9000 കോടി രൂപ മല്‍സ്യചന്തകള്‍, തുറമുഖങ്ങള്‍, ശീതീകരണികള്‍ തുടങ്ങിയവയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി വകയിരുത്തും. മല്‍സ്യോല്‍പാദനം അഞ്ചു വര്‍ഷത്തിനകം 70 ലക്ഷം ടണ്‍ ഉയര്‍ത്താനാണു പദ്ധതി. മല്‍സ്യകയറ്റുമതി ഇരട്ടിയാക്കാനും പദ്ധതിയുണ്ട്. ഇത് 1 ലക്ഷം കോടി രൂപയുടേതാക്കാനാണു ശ്രമം.

ലോക്ഡൗണ്‍ കാലത്ത് വിതരണ സംവിധാനത്തിലെ പാളിച്ചകള്‍ കണ്ടെത്താനായെന്നു ധനമന്ത്രി പറഞ്ഞു. തക്കാളി, ഉളളി തുടങ്ങി അതിവേഗം നശിക്കുന്ന വിളകള്‍ ഉത്പാദിപ്പിക്കുന്ന കര്‍ഷകരെ ഇത് ഏറെ ബാധിച്ചിരുന്നു. ഇത്തരം സാഹചര്യം പരിഗണിച്ച് ഭക്ഷ്യവസ്തുക്കള്‍ വിപണിയിലെത്തിക്കാനുള്ള ഗതാഗതത്തിന് 50 ശതമാനം സബ്‌സിഡി നല്‍കും. വിളകള്‍ സംഭരിക്കാനുള്ള ചെലവിന്റെ 50 ശതമാനവും സബ്‌സിഡിയായി നല്‍കും. ഇതിന് 500 കോടി രൂപ വകയിരുത്തി.

കാര്‍ഷിക ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിലെ തടസ്സങ്ങള്‍ നീക്കാന്‍ പുതിയ നിയമനിര്‍മാണം നടപ്പാക്കും. നിലവില്‍ ലൈസന്‍സുള്ള ഭക്ഷ്യോത്പാദന സംഘങ്ങള്‍ക്കാണ് വിള നല്‍കാന്‍ കര്‍ഷകര്‍ക്ക് അവസരമുള്ളത്. ഇത് മാറ്റി കാര്‍ഷിക ഉല്‍പന്നങ്ങള്‍ കര്‍ഷകരുടെ ഇഷ്ടപ്രകാരം ആര്‍ക്കും വില്‍ക്കാനുളള അവസരമാകും പുതിയ നിയമം ഉറപ്പാക്കുക.

വന്‍തോതില്‍ ഭക്ഷ്യോല്‍പാദനം ഉണ്ടാകുമ്പോഴും കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കാത്ത സാഹചര്യമുണ്ട്. കൃഷി തുടങ്ങുമ്പോള്‍ ഉല്‍പന്നത്തിന് എത്ര വില ലഭിക്കുമെന്നറിയാതെ പോകുന്ന സാഹചര്യത്തിന് ഇത് മാറ്റമുണ്ടാക്കും. കൃഷിയിറക്കുന്നതിനു മുന്‍പുതന്നെ ഉത്പന്നങ്ങളുടെ വില ഉറപ്പിക്കാനുള്ള വിവരവിനിമയം കൂടി ഇതില്‍ ഉള്‍പ്പെടും. കൃഷി തുടങ്ങുമ്പോള്‍ തന്നെ കയറ്റുമതിക്കാരോടും മറ്റും വിളയുടെ മേന്മ, വിളവെടുപ്പ് സമയം എന്നിവ അറിയിച്ച് വില ഉറപ്പിക്കാനുള്ള അവസരം പുതിയ നിയമനിര്‍മാണത്തിലൂടെ കര്‍ഷകര്‍ക്കു ലഭിക്കും. സംസ്ഥാനാന്തര വിപണനത്തിനും ഇത് കര്‍ഷകരെ സഹായിക്കും. ഇടനിലക്കാരിലൂടെ കര്‍ഷകര്‍ നേരിടുന്ന ചൂഷണം തടയാന്‍ ഈ നിയമനിര്‍മാണം സഹായിക്കും.

ആവശ്യസാധനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരും. ഭക്ഷ്യ എണ്ണ, പയര്‍, ധാന്യങ്ങള്‍, ഉളളി, ഉരുളക്കിഴങ്ങ് തുടങ്ങിയവ പൂഴ്ത്തിവയ്ക്കുന്നതു തടയുന്ന 1955 ലെ എസന്‍ഷ്യല്‍ കമോഡിറ്റീസ് ആക്റ്റിലാകും ഭേദഗതി നടപ്പാകുക. പ്രകൃതിക്ഷോഭം, ദേശീയദുരന്തം, വിലക്കയറ്റം എന്നിവയുണ്ടാകുമ്പോള്‍ മാത്രം ഇത്തരത്തിലുള്ള പൂഴ്ത്തിവപ്പ് തടഞ്ഞാല്‍ മതിയെന്നാകും ഭേദഗതി.

ലോക്ഡൗണ്‍ കാലയളവില്‍ 20 മുതല്‍ 25 ശതമാനം വരെയാണ് പാലിന്റെ ഉപഭോഗം കുറഞ്ഞത്. 360 ലക്ഷം ലീറ്റര്‍ മാത്രമായി മാറിയ പ്രതിദിന ആവശ്യത്തിനിടെ പ്രതിദിനം 560 ലക്ഷം ലീറ്റര്‍ പാല്‍ സഹകരണ സംഘങ്ങള്‍ വഴി സംഭരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തു. 111 കോടി ലീറ്റര്‍ പാല്‍ ഇങ്ങനെ അധികമായി വാങ്ങാന്‍ 4,100 കോടി രൂപ ചെലവാക്കി. ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് രണ്ട് ശതമാനം പലിശ സബ്‌സിഡി ഉറപ്പാക്കുന്ന പദ്ധതിയും 2020–21 ല്‍ നടപ്പാക്കും. 5,000 കോടി രൂപയുടെ പദ്ധതിയാണിത്. രാജ്യത്തെ രണ്ടു കോടി ക്ഷീരകര്‍ഷകര്‍ക്ക് ഇത് ഗുണകരമാകുമെന്ന് ധനമന്ത്രി പറഞ്ഞു.

കന്നുകാലികളിലെ കുളമ്പുരോഗം തടയാനായി 13,343 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു. രാജ്യത്തെ 53 കോടി വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ ഉറപ്പാക്കും. വാക്‌സിനേഷന്‍ നൂറ് ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഇതിനകം 1.5 കോടി പശുക്കള്‍ക്കും എരുമകള്‍ക്കും വാക്‌സിനേഷന്‍ നല്‍കിയെന്നും മന്ത്രി പറഞ്ഞു. ക്ഷീരോല്‍പ്പാദന രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി 15,000 കോടി രൂപ വകയിരുത്തി.

.ഔഷധ സസ്യങ്ങളുടെ കൃഷിക്ക് 4000 കോടി രൂപ വകയിരുത്തി. നാഷനല്‍ മെഡിസിനല്‍ പ്ലാന്റ്‌സ് ബോര്‍ഡിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക. പത്ത് ലക്ഷം ഹെക്ടര്‍ പ്രദേശത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് സാധ്യമാക്കും. 5000 കോടി അധിക വരുമാനം ഇതിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കും. ഗംഗ നദിയുടെ ഇരു കരകളിലുമായി 800 ഹെക്ടര്‍ ഭൂമിയില്‍ ഔഷധ ഇടനാഴി സൃഷ്ടിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

തേനീച്ച വളര്‍ത്തലിനു പ്രത്യേക സഹായം. ഇതിനായി 500 കോടി രൂപ. രണ്ടു ലക്ഷം കര്‍ഷകര്‍ക്ക് ഗുണം ലഭിക്കും.
സൂക്ഷ്മ ചെറുകിട ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളെ(എംഎഫ്ഇ) നിയമവിധേയമാക്കും.
ന്മ പ്രാദേശിക ബ്രാന്‍ഡുകള്‍ക്കു പ്രോത്സാഹനം. ഇവയ്ക്കു ആഗോള ബ്രാന്‍ഡ് മൂല്യം ഉറപ്പാക്കും. സ്ത്രീസംരംഭങ്ങള്‍ക്ക് ഇതില്‍ മുന്‍തൂക്കം.

800 ഹെക്ടറില്‍ ഔഷധ സസ്യങ്ങള്‍ കൃഷി ചെയ്യുന്നതിനും മറ്റുമായി 4,000 കോടി രൂപ.
സാമ്പത്തിക പാക്കേജിന്റെ ഭാഗമായി 3.16 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ വിവരിച്ച് വ്യാഴാഴ്ച നടത്തിയ രണ്ടാംഘട്ട പ്രഖ്യാപനങ്ങളില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ വായ്പാ സഹായം, രാജ്യത്തിന് ഏകീകൃത റേഷന്‍ കാര്‍ഡ്, അതിഥി തൊഴിലാളികള്‍ക്ക് അധിക റേഷന്‍, നഗരങ്ങളിലും മറ്റും കുറഞ്ഞ വാടകയ്ക്ക് താമസിക്കാനാകുന്ന കെട്ടിട സമുച്ചയങ്ങള്‍, മുദ്രാ പദ്ധതിയിലെ ചെറുവായ്പകളിലെ പലിശയിളവ് തുടങ്ങി ഒന്‍പതു മേഖലകളെയാണ് മന്ത്രി പരാമര്‍ശിച്ചത്.

ബുധനാഴ്ച നടത്തിയ ഒന്നാംഘട്ട പ്രഖ്യാപനത്തില്‍ ഏഴു മേഖലകളിലായി ആറു ലക്ഷം കോടി രൂപയുടെ 15 പദ്ധതികളാണ് പാക്കേജിന്റെ ഭാഗമായി ധനമന്ത്രി പ്രഖ്യാപിച്ചത്. സൂക്ഷ്മ,–ചെറുകിട–ഇടത്തരം സംരംഭങ്ങള്‍ക്ക്(എംഎസ്എംഇ) മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ അനുവദിക്കുമെന്ന് അറിയിച്ച ധനമന്ത്രി ഇവയുടെ നിര്‍വചനവും മാറ്റിയതായി വ്യക്തമാക്കിയിരുന്നു. വ്യക്തിയുടെ വരുമാനത്തില്‍നിന്ന് ഈടാക്കുന്ന ടിഡിഎസ്, ടിസിഎസ് നിരക്കുകള്‍ 25 ശതമാനം കുറയ്ക്കുകയും ചെയ്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular