മുന്‍ റിപ്പോര്‍ട്ടില്‍ പിശകുപറ്റി; ഇന്ത്യയില്‍ കൊറോണ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

ഇന്ത്യയില്‍ കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നു ലോകാരോഗ്യ സംഘടന. സമൂഹവ്യാപന പരാമര്‍ശമുണ്ടായ മുന്‍ റിപ്പോര്‍ട്ടില്‍ പിശകുപറ്റിയതായും തിരുത്തിയതായും ലോകാരോഗ്യ സംഘടന ദേശീയ മാധ്യമത്തോടു വ്യക്തമാക്കി. കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങളെക്കുറിച്ചുള്ള ‘സിറ്റ്വേഷന്‍ റിപ്പോര്‍ട്ടിലാണ്’ ഇന്ത്യയുടെ അവസ്ഥയെപ്പറ്റി തെറ്റായ വിലയിരുത്തലുണ്ടായത്.

ഇന്ത്യയില്‍ ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അതു സമൂഹവ്യാപനമായി വിലയിരുത്താനാവില്ലെന്നു ലോകാരോഗ്യ സംഘടന വക്താവ് പറഞ്ഞു. കോവിഡ് കേസുകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണു കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) നിലപാടെടുത്തിരുന്നത്. ഉറവിടം കണ്ടെത്താന്‍ സാധിക്കാതാകുമ്പോഴാണു രോഗം മൂന്നാം ഘട്ടത്തില്‍ അഥവാ സമൂഹവ്യാപനത്തില്‍ എത്തിയെന്നു വിലയിരുത്തുന്നത്.

ഇങ്ങനെയൊരു സാഹചര്യം രാജ്യത്ത് ഇപ്പോഴില്ലെന്നാണു കേന്ദ്രം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസ ലോക്ഡൗൺ രോഗവ്യാപനത്തെ നിയന്ത്രിച്ചുവെന്നാണ് ഔദ്യോഗിക വൃത്തങ്ങളുടെയും വിദഗ്ധരുടെയും വിലയിരുത്തൽ. 400 ജില്ലകളെ കോവിഡ് ബാധിച്ചിട്ടില്ലെന്നും 133 ജില്ലകൾ ഹോട്ട് സ്പോട്ട് ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു. രാജ്യത്ത് 6412 പേർക്കാണു കോവിഡ് ബാധിച്ചത്. 504 പേർ രോഗമുക്തരായി, 199 പേർക്കു ജീവൻ നഷ്ടപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular