കൊറോണ: കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍; ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഹാജരായാല്‍ മതി; ശനിയാഴ്ച അവധി

തിരുവനന്തപുരം: കൊറോണ ബാധ വ്യാപിക്കുന്നതിന് തടയാന്‍ കൂടുതല്‍ കടുത്ത നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍.. സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. സെക്ഷന്‍ ഓഫിസര്‍ക്ക് താഴെയുള്ള ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് ഹാജരായാല്‍ മതിയാകും. ഓഫീസില്‍ എത്താത്ത ദിവസങ്ങളില്‍ വീട്ടിലിരുന്നു ജോലി ചെയ്യണം. മാര്‍ച്ച് 31 വരെ ശനിയാഴ്ചകളില്‍ അവധിയായിരിക്കും. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല.

ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. മാര്‍ച്ച് 31 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. സര്‍ക്കാര്‍ സര്‍വീസിലുള്ള 70 ശതമാനത്തോളം പേര്‍ക്ക് നിയന്ത്രണം ബാധകമാകും.

രാവിലെ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഹൈസ്‌കൂള്‍, പ്ലസ്‌വണ്‍, പ്ലസ്ടു പരീക്ഷകളും സര്‍വകലാശാല പരീക്ഷകളുമാണ് മാറ്റിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെതാണ് തീരുമാനം. 8,9 ക്ലാസുകളിലെ പരീക്ഷകള്‍ ഉപേക്ഷിച്ചു.

എംജി സര്‍വകലാശാല ഇന്നു നടക്കേണ്ടിയിരുന്ന പരീക്ഷകളും മാറ്റി. ചോദ്യ പേപ്പര്‍ അയച്ചെങ്കിലും വിതരണം ചെയ്തിട്ടില്ലെന്നു കണ്ടെത്തിയതിനാലാണിത്. നേരത്തെ ഇന്നത്തെ പരീക്ഷകള്‍ മാറ്റേണ്ടെന്നായിരുന്നു തീരുമാനം.

കാലിക്കറ്റ് സര്‍വകലാശാലാ ഇന്നു ഉച്ചകഴിഞ്ഞു നടത്താനിരുന്ന പരീക്ഷകള്‍ ഉള്‍പ്പെടെ എല്ലാ പരീക്ഷകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചതായി റജിസ്ട്രാര്‍ അറിയിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല ഇന്ന് (20.03.2020) ഉച്ച മുതല്‍ നടക്കാനിരിക്കുന്നതുള്‍പ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷ കണ്‍ട്രോളര്‍ ഡോ. പി. ജെ. വിന്‍സെന്റ് അറിയിച്ചു.

പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടും പരീക്ഷകള്‍ തുടരുന്നത് ശരിയല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മുന്‍ നിലപാട് തിരുത്തിയത്. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകള്‍ മാറ്റിയിട്ടും പരീക്ഷകള്‍ മാറ്റാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സര്‍വകലാശാല പരീക്ഷകള്‍ മാറ്റണമെന്ന യുജിസി നിര്‍ദേശവും സര്‍ക്കാര്‍ ഇന്നലെ തള്ളിയിരുന്നു. ശേഷിക്കുന്ന പരീക്ഷകള്‍ എപ്പോള്‍ നടത്തണമെന്ന് പിന്നീട് ചര്‍ച്ച ചെയ്തു തീരുമാനിക്കും.

SHARE