പ്രശസ്ത നടനും ഭാര്യയ്‌ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു

പ്രശസ്ത ഹോളിവുഡ് നടൻ ടോം ഹാങ്ക്സിനും ഭാര്യയും നടിയുമായ റീറ്റ വിൽസണും കൊവിഡ് 19 സ്ഥിരീകരിച്ചു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ടോം തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. ഇരുവരെയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

‘ഹലോ, ഞാനും റീറ്റയും ഓസ്ട്രേലിയയിലാണ്. ഞങ്ങൾക്ക് ക്ഷീണം തോന്നി. ചുമയും ശരീരവേദനയും ഉണ്ടായിരുന്നു. റീറ്റക്ക് കുളിര് വന്നും പോയും ഇരുന്നു. ചെറിയ പനിയും ഉണ്ടായിരുന്നു. ലോകം ആവശ്യപ്പെടുന്നതനുസരിച്ച്, ശരിയായി കാര്യങ്ങൾ ചെയ്യേണ്ടതിൻ്റെ പശ്ചാത്തലത്തിൽ, ഞങ്ങൾ കൊറോണ വൈറസ് ടെസ്റ്റ് ചെയ്തു. പരിശൊധനാ ഫലം പോസിറ്റീവാണ്.

ഇനി എന്താണ് ചെയ്യേണ്ടത്? മെഡിക്കൽ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അനുസരിക്കണം. ഞങ്ങളെ ഇനിയും ടെസ്റ്റ് ചെയ്യും, ഞങ്ങൾ നിരീക്ഷണത്തിലായിരിക്കും. പൊതു ആരോഗ്യവും സുരക്ഷയും ആവശ്യപ്പെടുന്നത് വരെ ഞങ്ങൾ ഐസൊലേഷൻ വാർഡിലായിരിക്കും. ഞങ്ങൾ കൃത്യമായി കാര്യങ്ങൾ അറിയിക്കാം’- ഹാങ്ക്സ് ഫേസ്ബുക്കിൽ കുറിച്ചു.

ഏറ്റവും മികച്ച ഹോളിവുഡ് നടന്മാരിൽ ഒരാളാണ് 63കാരനായ ടോം ഹാങ്ക്സ്. രണ്ട് ഓസ്കർ പുരസ്കാരങ്ങൾ ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

അമേരിക്കൻ ഗായകനായ ഈവസ് പ്രിസ്ലീയുടെ ബയോപിക്കിലാണ് ടോം ഹാങ്ക്സ് അഭിനയിച്ചു കൊണ്ടിരുന്നത്. റീറ്റയും ചിത്രത്തിൽ ടോം ഹാങ്ക്സിനൊപ്പം അഭിനയിക്കുന്നുണ്ടായിരുന്നു. ചിത്രത്തിൻ്റെ ലൊക്കേഷനിൽ ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു എന്നും ഇയാളെ മാറ്റി നിർത്തിയെന്നും വാർണർ ബ്രദേഴ്സ് നേരത്തെ അറിയിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular