ഇന്ത്യന്‍ ടീമുകള്‍ തോല്‍ക്കുന്നതിന് കാരണം കോഹ് ലിയും സെവാഗും; പ്ലീസ് നിങ്ങള്‍ ഇനി ഇതു ചെയ്യരുത്

ഇന്ത്യന്‍ ടീമുകള്‍ തോല്‍ക്കുന്നതിന് കാരണം കോഹ് ലിയും സെവാഗുമാണെന്ന് അഭിനയ് താക്കൂര്‍. ഐസിസിയുടെ ടൂര്‍ണമെന്റുകളില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനം അത്ര മികച്ചതല്ല. വിജയികളാകുന്നതിനു തൊട്ടടുത്തു വരെ എത്തി ഒടുവില്‍ വിജയം കൈവിടുന്ന ഇന്ത്യയാണ് ഇത്തരം ടൂര്‍ണമെന്റുകളിലെ പതിവു കാഴ്ച. പുരുഷ, വനിതാ, ജൂനിയര്‍ ടൂര്‍ണമെന്റുകളില്‍ ഇതാണ് അവസ്ഥ. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ സെമി ഫൈനലില്‍ തോറ്റ് ഇന്ത്യന്‍ ടീം പുറത്തായി.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ്, വനിതാ ട്വന്റി20 ലോകകപ്പ് എന്നിവയില്‍ ഫൈനലില്‍ തോറ്റു. തുടര്‍ച്ചയായുള്ള ഇന്ത്യയുടെ ദൗര്‍ഭാഗ്യത്തിനു പരിഹാരം കാണണമെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് എന്നിവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നിര്‍ത്തണമെന്നാണ് അഭിനയ് താക്കൂര്‍ എന്ന ആരാധകന്റെ വാദം. ഇതിനായി പ്രശസ്ത ക്യാംപെയ്ന്‍ സൈറ്റായ change.org യില്‍ അഭിനയ് ക്യാംപെയ്‌നും തുടങ്ങി

കോലിയും സെവാഗും ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചിട്ടുണ്ടെങ്കില്‍ അന്നൊക്കെ ടീം ഗതി പിടിക്കാതെ പോയിട്ടുണ്ടെന്നാണ് ഇയാളുടെ വാദം. അതുകൊണ്ടുതന്നെ ഐസിസിയുടെ പ്രധാന മത്സരങ്ങളില്‍ ഇരു താരങ്ങളും ഇന്ത്യയെ അഭിനന്ദിക്കാതിരിക്കുന്നതാണു നല്ലത്. ഇവരുടെ ആശംസകള്‍ ശാപവാക്കുകളായി മാറുമെന്നും ആരാധകന്‍ വാദിക്കുന്നു. മെല്‍ബണില്‍ നടന്ന വനിതാ ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോടു തോറ്റതിനു പിന്നാലെ ഞായറാഴ്ചയാണ് ക്യാംപെയ്ന്‍ ആരംഭിച്ചത്.

ഐസിസി ടൂര്‍ണമെന്റുകളില്‍ ടീം ഇന്ത്യയ്ക്ക് ആശംസ അറിയിക്കുന്നതില്‍നിന്ന് വിരാട് കോലിയെയും സെവാഗിനെയും വിലക്കണം. ഇവരാണു നമ്മുടെ വിജയങ്ങള്‍ ഇല്ലാതാക്കുന്നത്. ആശംസ പോസ്റ്റുകള്‍ അവര്‍ ഒഴിവാക്കുന്നില്ലെങ്കില്‍ സമൂഹമാധ്യമ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നും പെറ്റിഷനില്‍ ആവശ്യമുണ്ട്. വനിതാ ലോകകപ്പില്‍ ഇന്ത്യ ഫൈനല്‍ യോഗ്യത നേടിയപ്പോള്‍ ആശംസ അറിയിച്ച് സെവാഗും കോലിയും സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോടു തോറ്റു.

ഏകദിന ലോകകപ്പില്‍ 2015ലും 2019ലും ഇന്ത്യന്‍ പുരുഷ ടീം സെമിയില്‍ തോറ്റിരുന്നു. 2016ലെ ട്വന്റി20 ലോകകപ്പിലും സെമിയില്‍ തോറ്റു. 2017ല്‍ ഏകദിന വനിതാ ലോകകപ്പ് ഫൈനലില്‍ ഒന്‍പത് റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനോടു തോറ്റത്. ഇതേ വര്‍ഷം നടന്ന ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനോട് 180 റണ്‍സിനും ടീം ഇന്ത്യ പരാജയപ്പെട്ടു. എന്നാല്‍ യുവാവിന്റെ കണ്ടെത്തലുകളും വാദങ്ങളും സാമാന്യ ബോധത്തിനു നിരക്കാത്തതാണെന്നു പല ക്രിക്കറ്റ് ആരാധകരും വാദിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular