ധോണിയുടെ റെക്കോഡ് മറികടന്ന് കോഹ്ലി

ഇന്ത്യക്കായി ഏറ്റവുമധികം ടി-20 റണ്‍സ് നേടിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് വിരാട് കോലിക്ക്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി-20യുടെ 16ാം ഓവറിലാണ് കോലി ധോണിയെ മറികടന്നത്. ഇഷ് സോധി എറിഞ്ഞ ഓവറിലെ നാലാം പന്തില്‍ സിംഗിള്‍ എടുത്തുകൊണ്ടാണ് കോലി റെക്കോര്‍ഡിലെത്തിയത്. 1112 റണ്‍സാണ് ധോണി ഇന്ത്യന്‍ ക്യാപ്റ്റനായി ടി-20കളില്‍ നേടിയത്. കോലിക്ക് ഇപ്പോള്‍ 1124 റണ്‍സുണ്ട്. 1273 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസിസാണ് പട്ടികയില്‍ ഒന്നാമത്. 1148 റണ്‍സുള്ള ന്യൂസിലന്‍ഡ് നായകന്‍ കെയിന്‍ വില്ല്യംസണ്‍ പട്ടികയില്‍ രണ്ടാമതാണ്.

ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യക്ക് ഇന്നു ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ന്യൂസിലന്‍ഡ് മണ്ണില്‍ ഇതുവരെ ഒരു ടി-20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ ആറു വിക്കറ്റിനാണ് ഇന്ത്യ ജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടിയപ്പോള്‍ ആറു പന്തുകള്‍ ബാക്കി നില്‍ക്കെ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ വിജയിക്കുകയായിരുന്നു. ഇന്ത്യക്കായി ലോകേഷ് രാഹുലും ശ്രേയാസ് അയ്യരും അര്‍ധസെഞ്ചുറികള്‍ നേടി.

രണ്ടാം ടി-20 യില്‍ ഇന്ത്യ ഏഴു വിക്കറ്റിനു വിജയിച്ചു. ന്യൂസിലാന്‍ഡിന്റെ 133 എന്ന ചെറിയ വിജയലക്ഷ്യം ഇന്ത്യ 15 പന്തുകള്‍ ശേഷിക്കെ മറികടന്നു. കെഎല്‍ രാഹുലും ശ്രേയസ് അയ്യരുമാണ് ഇന്ത്യന്‍ ബാറ്റിംഗിന് കരുത്തായത്. ഓപ്പണറായി ഇറങ്ങിയ രാഹുല്‍ പുറത്താകാതെ രണ്ട് സിക്‌സും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 50 പന്തില്‍ 57 റണ്‍സ് എടുത്തു. ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 2-0 എന്ന നിലയില്‍ ഇന്ത്യ മുന്നിലെത്തി.

Similar Articles

Comments

Advertismentspot_img

Most Popular