മിനിമം ബാലൻസ് വേണ്ട, എസ്എംഎസിന് ചാർജില്ല; എസ്ബിഐ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത

ന്യൂഡല്‍ഹി: രാജ്യത്തെ സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക്‌ എല്ലാ മാസവും മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന പിന്‍വലിച്ച് എസ്ബിഐ. 44.51 കോടി അക്കൗണ്ട് ഉടമകൾക്കു ഗുണപ്പെടുന്നതാണു തീരുമാനം.

നിലവില്‍ മെട്രോ, അര്‍ധ മെട്രോ, ഗ്രാമം എന്നിങ്ങനെ തിരിച്ച്‌ യഥാക്രമം 3000, 2000, 1000 എന്നിങ്ങനെയാണു എസ്ബിഐ മിനിമം ബാലന്‍സ് നിശ്ചയിച്ചിരുന്നത്. മിനിമം ബാലൻസ് ഇല്ലാത്തവരിൽനിന്ന് അഞ്ച് മുതല്‍ 15 രൂപ വരെ പിഴയും ഈടാക്കി. ഇതു വ്യാപക പ്രതിഷേധത്തിന് വഴിവച്ചിരുന്നു.

സേവിങ്‌സ് അക്കൗണ്ടുകളുടെ വാര്‍ഷിക പലിശ 3 ശതമാനമാക്കിയതായും എസ്ബിഐ അറിയിച്ചു. നിലവിൽ ഒരു ലക്ഷം രൂപയ്ക്കു വരെ 3.25 ശതമാനവും ഒരു ലക്ഷത്തിനു മുകളിലുള്ള അക്കൗണ്ടുകള്‍ക്ക് 3 ശതമാനവുമായിരുന്നു പലിശ നിരക്ക്.

അക്കൗണ്ട് ഉടമകള്‍ക്ക് അയക്കുന്ന എസ്‌എംഎസിനുള്ള ചാര്‍ജും പിൻവലിച്ചതായി ബാങ്ക് വ്യക്തമാക്കി.

“ഈ പ്രഖ്യാപനം ഞങ്ങളുടെ വിലയേറിയ ഉപഭോക്താക്കള്‍ക്ക് കൂടുതൽ പുഞ്ചിരിയും ആനന്ദവും നൽകും. ഈ തീരുമാനം എസ്‌ബി‌ഐയുമായുള്ള ബാങ്കിംഗിലേക്ക് ഞങ്ങളുടെ ഉപഭോക്താക്കളെ പ്രാപ്തരാക്കുമെന്നും എസ്‌ബി‌ഐയിൽ അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു, ”ചെയർമാൻ രജനിഷ് കുമാർ പ്രസ്താവനയിൽ പറഞ്ഞു.

ആസ്തി, നിക്ഷേപം, ശാഖകൾ, ഉപഭോക്താക്കൾ, ജീവനക്കാർ എന്നിവയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് എസ്‌ബി‌ഐ. രാജ്യത്തെ ഏറ്റവും വലിയ പണയ അടിസ്ഥാനത്തില്‍ വായ്പ നല്‍കുന്ന ബാങ്ക് കൂടിയാണ് സ്റ്റേറ്റ് ബാങ്ക്. 2019 ഡിസംബർ 31 ലെ കണക്കനുസരിച്ച് ബാങ്കിന് 31 ലക്ഷം കോടി രൂപയുടെ നിക്ഷേപ അടിത്തറയുണ്ട്. ഇന്ത്യയിൽ 21,959 ശാഖകളും ബാങ്കിനുണ്ട്.  

Similar Articles

Comments

Advertismentspot_img

Most Popular