‘ഞാൻ പറഞ്ഞതല്ല മാധ്യമങ്ങൾ കേട്ടത്’

വയനാട് സ്കൂളിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് നടത്തിയ പരാമർശം വിവാദമായിരുന്നു. വിദ്യാർത്ഥിനിയെ കെപിഎ മജീദ് അപമാനിച്ചു എന്നായിരുന്നു വിവാദം. എന്നാൽ ഇതിനെ തള്ളി കെപിഎ മജീദ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹം വിശദീകരണം നൽകിയത്.

താൻ പറഞ്ഞതല്ല മാധ്യമങ്ങൾ കേട്ടതെന്ന് പോസ്റ്റിലൂടെ അദ്ദേഹം കുറ്റപ്പെടുത്തുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള സ്‌കൂളിലാണ് വിദ്യാർത്ഥിനി പാമ്പു കടിയേറ്റ് മരിച്ചത്. എന്നിട്ടും എയിഡഡ് സ്‌കൂളുകളെ വേട്ടയാടാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനാണ് പാമ്പു കടിയേറ്റ വിദ്യാർത്ഥിനിയെ താൻ അപമാനിച്ചു എന്ന രീതിയിൽ വാർത്ത നൽകിയിരിക്കുന്നതെന്ന് കെപിഎ മജീദ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയിൽ ജീവൻ പൊലിഞ്ഞ ആ പാവപ്പെട്ട കുട്ടിയുടെ പേരിനെ ദയവായി ഈ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കെപിഎ മജീദിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

കെ.എസ്.ടി.യു സമ്മേളനത്തിലെ എന്റെ പ്രസംഗത്തിൽ ഞാൻ പറഞ്ഞതല്ല ചില മാധ്യമങ്ങൾ കേട്ടത്. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് സ്‌കൂൾ മാനേജ്‌മെന്റുകൾ നൽകിയ സേവനങ്ങൾ മറന്നുകൊണ്ട് അവരെ വേട്ടയാടുന്ന പിണറായി സർക്കാറിന്റെ സമീപനത്തിനെതിരെയാണ് ഞാൻ സംസാരിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള സ്‌കൂളിലാണ് വിദ്യാർത്ഥിനി പാമ്പു കടിയേറ്റ് മരിച്ചത്. ആ സംഭവത്തിന്റെ പേരിൽ സർക്കാർ സ്‌കൂളുകൾ നന്നാക്കാനല്ല, എയിഡഡ് സ്‌കൂളുകളെ വേട്ടയാടാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനാണ് പാമ്പു കടിയേറ്റ വിദ്യാർത്ഥിനിയെ ഞാൻ അപമാനിച്ചു എന്ന രീതിയിൽ വാർത്ത നൽകിയിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയിൽ ജീവൻ പൊലിഞ്ഞ ആ പാവപ്പെട്ട കുട്ടിയുടെ പേരിനെ ദയവായി ഈ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്.

ആ സംഭവത്തിന്റെ പേരിൽ സർക്കാർ സ്‌കൂളുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനു പകരം മാനേജ്‌മെന്റുകൾക്ക് നേരെ കുതിര കയറുന്നത് അവസാനിപ്പിക്കണമെന്നാണ് ഞാൻ പറഞ്ഞത്. വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് അധ്യാപകരോടോ വിദ്യാർത്ഥി പ്രതിനിധികളോടോ സംസാരിക്കാൻ വിദ്യാഭ്യാസ മന്ത്രി തയ്യാറാവുന്നില്ല എന്നതും ഞാൻ ചൂണ്ടിക്കാട്ടുകയുണ്ടായി. മിക്ക മാനേജ്‌മെന്റ് സ്‌കൂളുകളും മികച്ച രീതിയിൽ തന്നെയാണ് സ്‌കൂളുകൾ പരിപാലിക്കുന്നത്. സർക്കാർ സ്‌കൂളുകളുടെ ഭൗതിക നിലവാരമാണ് മെച്ചപ്പെടുത്തേണ്ടത്. കാതലായ പ്രശ്‌നങ്ങൾ മറന്നുകൊണ്ടുള്ള സർക്കാർ നടപടികളെ ചോദ്യം ചെയ്യുമ്പോൾ വാക്കുകൾ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത് മാധ്യമ ധർമ്മത്തിന് നിരക്കുന്നതല്ല.

-കെ.പി.എ മജീദ്
(ജനറൽ സെക്രട്ടറി, മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി)

Key words:KPA Majeed facebook post muslim league

Similar Articles

Comments

Advertismentspot_img

Most Popular