വെടിക്കെട്ട് തുടക്കം മാത്രം; ഇന്ത്യയെ പിടിച്ചുകെട്ടി കിവീസ്

ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ മികച്ച തുടക്കമിട്ട ഇന്ത്യയെ പിടിച്ചുകെട്ടി കിവീസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് രോഹിത്തും രാഹുലും മികച്ച തുടക്കമാണ് നല്‍കിയത്. പക്ഷേ അത് പിന്നീട് തുടരാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. 9 ഓവര്‍വരെ റണ്‍റേറ്റ് 10 നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

വിക്കറ്റ് നഷ്ടമില്ലാതെ 89 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യ പിന്നീട് 96-ന് മൂന്ന് എന്ന നിലയിലേക്ക് വീണു. തുടര്‍ന്ന് രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി. രോഹിത് – രാഹുല്‍ സഖ്യം വെറും 54 പന്തില്‍നിന്നാണ് 89 റണ്‍സ് ചേര്‍ത്തത്. 19 പന്തില്‍ രണ്ടു ഫോറും ഒരു സിക്സും സഹിതം 27 റണ്‍സെടുത്ത രാഹുലാണ് ആദ്യം പുറത്തായത്. ആദ്യ രണ്ടു മത്സരങ്ങളിലെ മോശം ഫോം മറികടന്ന രോഹിത് 40 പന്തില്‍ നിന്ന് മൂന്നു സിക്സും ആറു ഫോറുമടക്കം 65 റണ്‍സെടുത്ത് പുറത്തായി. ശിവം ദുബെയാണ് (3) പുറത്തായ മറ്റൊരു താരം.

വെറും 23 പന്തില്‍ നിന്നാണ് രോഹിത് അര്‍ധസെഞ്ചുറി തികച്ചത്. ട്വന്റി 20-യില്‍ രോഹിത്തിന്റെ വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചുറിയാണിത്. ഇതിനിടെ രാജ്യാന്തര ക്രിക്കറ്റില്‍ ഓപ്പണറെന്ന നിലയില്‍ രോഹിത് 10,000 റണ്‍സെന്ന നാഴികക്കല്ലും രോഹിത് പിന്നിട്ടു. 27 പന്തില്‍ നിന്ന് ഒരു സിക്സും രണ്ടു ഫോറുമടക്കം 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ കോലിക്കും സ്‌കോര്‍ ഉയര്‍ത്താനായില്ല. 16 പന്തുകള്‍ നേരിട്ട ശ്രേയസ് അയ്യര്‍ക്ക് നേടാനായത് 17 റണ്‍സ് മാത്രം.

ട്വന്റി 20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ നിന്ന് പാഠം പഠിച്ചു ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ടോസ് നേടിയ ശേഷം ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ രണ്ടു മത്സരങ്ങളും റണ്‍സ് പിന്തുടര്‍ന്നാണ് ഇന്ത്യ ജയിച്ചത്. അതേസമയം ന്യൂസീലന്‍ഡ് മണ്ണില്‍ ആദ്യ ട്വന്റി 20 പരമ്പരജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ ആധികാരികമായി ജയിച്ചിരുന്നു. ആദ്യ മത്സരത്തില്‍ ആറു വിക്കറ്റിനും തുടര്‍ന്ന് ഏഴുവിക്കറ്റിനുമായിരുന്നു ഇന്ത്യയുടെ വിജയം.

Similar Articles

Comments

Advertismentspot_img

Most Popular