ഇപ്പോള്‍ അതിന് സാധിക്കുമോ…? സിപിഎമ്മിനെ പരിഹസിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ കോടതിയെ സമീപിച്ചതില്‍ സര്‍ക്കാര്‍ വിശദീകരണം തൃപ്തികരമല്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണ്. ഭരണഘടനാധികാരം നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാനുള്ള അധികാരമല്ല. സര്‍ക്കാരും നിയമസഭയും തന്നെ തയാറാക്കിയ ചട്ടങ്ങള്‍ അവര്‍ ലംഘിക്കരുതെന്ന് ഗവര്‍ണര്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിയമത്തിനും ചട്ടങ്ങള്‍ക്കും അനുസൃതമാണെന്ന് ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

സര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസം വ്യക്തിപരമല്ല. ഗവര്‍ണര്‍ പദവി എടുത്തുകളയാന്‍ കഴിയുന്ന സ്ഥിതിയിലല്ല സിപിഎം എന്നും ഗവര്‍ണര്‍ പരിഹസിച്ചു. ഗവര്‍ണര്‍ പദവി ഇല്ലാതാക്കണമെന്ന സീതാറാം യച്ചൂരിയുടെ പ്രസ്താവനയോടാണ് പ്രതികരണം. തന്റെ നിലപാടില്‍ തെറ്റുകണ്ടെത്താന്‍ യച്ചൂരിക്ക് കഴിഞ്ഞിട്ടില്ലെന്നും ഗവര്‍ണര്‍ വിശദീകരിച്ചു.

പൗരത്വനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിച്ച വിവരം ഗവര്‍ണറെ അറിയിക്കാതിരുന്നത് മനഃപൂര്‍വ്വമല്ലെന്നാണ് ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തി വിശദീകരിച്ചത്. ജനങ്ങളുടെ ആശങ്ക അകറ്റാനാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചതെന്നും ചീഫ് സെക്രട്ടറി ടോം ജോസ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു.

പൗരത്വനിയമ ഭേദഗതി വിഷയത്തില്‍ ഗവര്‍ണരുമായി ഇനി ഏറ്റുമുട്ടലിനില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു ചീഫ് സെക്രട്ടറിയുടെ സന്ദര്‍ശനം. സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോടതിയില്‍ പോയതു ഗവര്‍ണറെ അറിയിക്കാതിരുന്നത് മനഃപൂര്‍വ്വമല്ല. വിവരങ്ങള്‍ ഗവര്‍ണറില്‍നിന്ന് മറച്ചുവയ്ക്കാനോ ഗവര്‍ണറെ ഒഴിവാക്കിക്കൊണ്ട് മുന്‍പോട്ടുപോകാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular