വീണ്ടുമൊരു കിടിലന്‍ മത്സരം; കൂറ്റന്‍ ലക്ഷ്യം മറികടന്ന് ഇന്ത്യയ്ക്ക് പരമ്പര

ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയത്തിലൂടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 316 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ പലവട്ടം സമ്മര്‍ദ്ദത്തിലായെങ്കിലും, ഒടുവില്‍ എട്ടു പന്തുകള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുമായി ക്യാപ്റ്റന്‍ വിരാട് കോലി (81 പന്തില്‍ 85), ലോകേഷ് രാഹുല്‍ (89 പന്തില്‍ 77 ), രോഹിത് ശര്‍മ (63 പന്തില്‍ 63) എന്നിവര്‍ക്കൊപ്പം അതിസമ്മര്‍ദ്ദ ഘട്ടത്തില്‍ അസാമാന്യ മനക്കരുത്തോടെ ഉറച്ചുനിന്ന രവീന്ദ്ര ജഡേജ (31 പന്തില്‍ പുറത്താകാതെ 39), ഷാര്‍ദുല്‍ താക്കൂര്‍ (ആറു പന്തില്‍ പുറത്താകാതെ 17) എന്നിവരാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. വിരാട് കോലി മാന്‍ ഓഫ് ദി മാച്ചായപ്പോള്‍, രോഹിത് ശര്‍മ മാന്‍ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റിന്‍ഡീസ്, അവസാന ഓവറുകളിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് മികച്ച സ്‌കോറിലേക്ക് എത്തിയത്. അവസാന 10 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കിയ വിന്‍ഡീസ് അടിച്ചെടുത്തത് 118 റണ്‍സ്. 64 പന്തില്‍ 10 ഫോറും മൂന്നു സിക്‌സും സഹിതം 89 റണ്‍സെടുത്ത നിക്കോളാസ് പുരാന്‍, 51 പന്തില്‍ 74 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരാണ് വിന്‍ഡീസ് സ്‌കോര്‍ 300 കടത്തിയത്. മികച്ച ബോളിങ്ങിലൂടെ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ വരിഞ്ഞുമുറുക്കിയ വിന്‍ഡീസിന് അടിപതറിയത് അവസാന ഓവറുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ മനസാന്നിധ്യം കൈവിടാതെ നടത്തിയ പോരാട്ടത്തിലാണ്.

ഇന്ത്യന്‍ ഇന്നിങ്‌സിലെ അവസാന 10 ഓവറുകള്‍ അതീവ നാടകീയമായിരുന്നു. 39ാം ഓവറില്‍ കേദാര്‍ ജാദവ് ഒന്‍പതു റണ്‍സുമായി മടങ്ങുമ്പോള്‍ അഞ്ചു വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യയ്ക്കു വിജയത്തിലേക്കു വേണ്ടിയിരുന്നത് 67 പന്തില്‍ 88 റണ്‍സ്. ഈ ഘട്ടത്തില്‍ ക്രീസില്‍ ഒരുമിച്ച വിരാട് കോലി രവീന്ദ്ര ജഡേജ സഖ്യം അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് ഇന്ത്യയ്ക്ക് ബലമേകി. 44 പന്തില്‍നിന്ന് ഇരുവരും കൂട്ടിച്ചേര്‍ത്ത 58 റണ്‍സാണ് നിര്‍ണായകമായത്. സ്‌കോര്‍ 286ല്‍ നില്‍ക്കെ കോലിയും പുറത്തായതോടെ വീണ്ടും സമ്മര്‍ദ്ദമേറി. 81 പന്തില്‍ ഒന്‍പതു ഫോറുകള്‍ സഹിതം 85 റണ്‍സെടുത്ത കോലി കീമോ പോളിന്റെ പന്തില്‍ ബൗള്‍ഡായി. ഇതോടെ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 23 പന്തില്‍ 30 റണ്‍സ്. കയ്യിലുള്ളത് നാലു വിക്കറ്റും.

കോലിക്കു പിന്നാലെ ക്രീസിലെത്തിയ ഷാര്‍ദുല്‍ താക്കൂര്‍ നേരിട്ട ആദ്യ പന്തുതന്നെ ബൗണ്ടറി കടത്തി. എന്നാല്‍, താക്കൂറിന്റെ തനിനിറം വിന്‍ഡീസ് കണ്ടത് ഷെല്‍ഡണ്‍ കോട്രല്‍ എറിഞ്ഞ 47ാം ഓവറിലാണ്. ഒരു സിക്‌സും ഒരു ഫോറും സഹിതം ഈ ഓവറില്‍ താക്കൂര്‍ ഒറ്റയ്ക്ക് അടിച്ചെടുത്തത് 11 റണ്‍സ്. ജഡേജ നേടിയ രണ്ടു റണ്‍സും കോട്രല്‍ ദാനം നല്‍കിയ രണ്ട് വൈഡും ചേര്‍ന്ന് ഈ ഓവറില്‍ 15 റണ്‍സ് പിറന്നതോടെ ഇന്ത്യ ഡ്രൈവിങ് സീറ്റിലെത്തി. പിന്നീട് കണ്ടത് പിള്ളേരുടെ ചടങ്ങു തീര്‍ക്കല്‍ മാത്രം. വെറും 16 പന്തില്‍നിന്ന് ഇരുവരും 30 റണ്‍സ് അടിച്ചെടുത്തതോടെ എട്ടു പന്തു ബാക്കിനില്‍ക്കെ ഇന്ത്യ വിജയത്തിലെത്തി. ജഡേജ 30 പന്തില്‍ നാലു ഫോറുകള്‍ സഹിതം 39 റണ്‍സോടെയും താക്കൂര്‍ ആറു പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 17 റണ്‍സോടെയും പുറത്താകാതെ നിന്നു.

ഓപ്പണിങ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് (122) തീര്‍ത്ത് രോഹിത് ശര്‍മ ലോകേഷ് രാഹുല്‍ സഖ്യം മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. രോഹിത് 63 പന്തില്‍ 63 റണ്‍സെടുത്തും രാഹുല്‍ 89 പന്തില്‍ 77 റണ്‍സെടുത്തും പുറത്തായി. ശ്രേയസ് അയ്യര്‍ (ഏഴു പന്തില്‍ ഏഴ്), ഋഷഭ് പന്ത് (ആറു പന്തില്‍ ഏഴ്), കേദാര്‍ ജാദവ് (10 പന്തില്‍ 9) എന്നിവര്‍ കാര്യമായ സംഭാവനകള്‍ കൂടാതെ പുറത്തായപ്പോള്‍ ഇന്ത്യ തോല്‍വി മണത്തെങ്കിലും ജഡേജയും താക്കൂറും തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വിജയം കൈവരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular