ഉള്ളിയാണ് താരം… രാജ്യത്ത് വില 200 കവിഞ്ഞപ്പോള്‍ സൗജന്യമായി ഉള്ളി നല്‍കി പുതിയ ബിസിനസ്

പുതുകോട്ട: ഉള്ളിയാണ് താരം…രാജ്യത്ത് ഉള്ളി വില ദിനംപ്രതി കുതിച്ചുയരുകയാണ്. ബംഗളൂരുവില്‍ ഞായറാഴ്ച ഉള്ളി വില 200 രൂപവരെ എത്തി. തമിഴ്നാട്ടില്‍ 180 രൂപയാണ് ഒരു കിലോ ഉള്ളിയുടെ വില. ഉള്ളി വില ഉയരുകയും വിപണിയില്‍ ഉള്ളി ലഭിക്കാതിരിക്കുകയും ചെയ്യുന്ന ഈ സന്ദര്‍ഭത്തില്‍ ഉള്ളി സൗജന്യമായി നല്‍കി പുതിയ ബിസിനസ് മാര്‍ക്കറ്റിങ് തന്ത്രം മെനയുകയാണ് തമിഴ്‌നാട്ടിലെ ഒരു കടയുടമ.
ഒരു കിലോ ഉള്ളിയാണ് സൗജന്യമായി നല്‍കുന്നത്. എന്നാല്‍, അങ്ങനെ എല്ലാവര്‍ക്കും ഉള്ളി സൗജന്യമായി കിട്ടുമെന്നുകരുതണ്ട. ഉള്ളി കിട്ടണമെന്നുണ്ടെങ്കില്‍ അതിന് ചില നിബന്ധനകളൊക്കെയുണ്ട്. കടയില്‍ നിന്ന് ഏതെങ്കിലുമൊരു കമ്പനിയുടെ മൊബൈല്‍ ഫോണ്‍ വാങ്ങിക്കുന്ന ഉപഭോക്താവിന് മാത്രമെ ഒരു കിലോ ഉള്ളി സൗജനയമായി ലഭിക്കുകയുള്ളൂ. പുതുകോട്ടയിലെ തലയാരി തെരുവിലുള്ള എസ്ടിആര്‍ മൊബൈല്‍സ് കടയാണ് പുതുപുത്തന്‍ ഓഫറുമായി എത്തിയിരിക്കുന്നത്.
കടയില്‍നിന്ന് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി സൗജന്യം എന്ന പോസ്റ്ററും സ്ഥാപനത്തിന് മുന്നില്‍ പതിച്ചിട്ടുണ്ട്. ഓഫറും പോസ്റ്ററുമെല്ലാം സോഷ്യല്‍മീഡിയയിലടക്കം വൈറലായിരിക്കുകയാണ്. ഇത്തരമൊരു ഓഫറിന് ഉപഭോക്താക്കളില്‍ നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് കടയുടമയായ ശരവണ കുമാര്‍ പറഞ്ഞു. പരസ്യം ഇറക്കിയതിന് പിന്നാലെ കടയില്‍ മൊബൈല്‍ ഫോണിന്റെ വില്‍പ്പന കൂടിയിട്ടുണ്ട്. സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് അവരുടെ ഇഷ്ടാനുസരണം ഉള്ളി തിരഞ്ഞെടുക്കാനും അവസരമുണ്ട്.
എട്ടുവര്‍ഷം മുമ്പാണ് എസ്ടിആര്‍ മൊബൈല്‍സ് തുടങ്ങിയത്. ദിവസേന രണ്ട് ഫോണുകള്‍ മാത്രമാണ് ഇവിടെനിന്ന് വിറ്റുപോയത്. എന്നാല്‍, മൊബൈല്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ സൗജന്യം എന്ന ഓഫര്‍ വച്ചതോടെ കഴിഞ്ഞ രണ്ട് ദിവസമായി എട്ട് മൊബൈല്‍ ഫോണുകളാണ് കടയില്‍നിന്ന് വിറ്റുപോയതെന്നും ശരവണന്‍ കൂട്ടിച്ചേര്‍ത്തു

SHARE