മിനിമം ബാലന്‍സ് ഇല്ലെന്ന പേരില്‍ ബാങ്കുകള്‍ ഉപയോക്താക്കളില്‍ നിന്നും തട്ടിയെടുത്തത് 10,000 കോടി രൂപ

മിനിമം ബാലന്‍സില്ലെങ്കില്‍ ഇടപാടുകാരില്‍നിന്നു പിഴയീടാക്കാനുള്ള തീരുമാനം നടപ്പാക്കിയശേഷം രാജ്യത്തെ 22 പ്രമുഖബാങ്കുകള്‍ ഈയിനത്തില്‍ ഈടാക്കിയത് 10,000 കോടിയോളം രൂപ.

2016 ഏപ്രില്‍ ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ 18 പൊതുമേഖലാ ബാങ്കുകള്‍ 6155.10 കോടിയും നാലു പ്രമുഖ സ്വകാര്യബാങ്കുകള്‍ 3566.84 കോടിയും രൂപ പിഴയീടാക്കി. മൊത്തം 9721.94 കോടിരൂപ.

റിസര്‍വ്ബാങ്ക് മാര്‍ഗരേഖപ്രകാരം ജന്‍ധന്‍ അക്കൗണ്ടുകളുള്‍പ്പെടെയുള്ള ബേസിക് സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്കു (ബി.എസ്.ബി.ഡി.) മിനിമം ബാലന്‍സ് വേണ്ട. മാര്‍ച്ച് 31 വരെ ഇത്തരത്തില്‍ 57.3 കോടി അക്കൗണ്ടുകളാണു രാജ്യത്തുള്ളത് (35.27 കോടി ജന്‍ധന്‍ അക്കൗണ്ടുകളടക്കം). ബാക്കിയുള്ള സേവിങ്‌സ് അക്കൗണ്ടുകള്‍ക്കാണു മിനിമം ബാലന്‍സ് നിഷ്‌കര്‍ഷിക്കുന്നത്. ഇത്തരം അക്കൗണ്ടുകളില്‍ വിവിധ സേവനങ്ങള്‍ക്കു പണം ഈടാക്കാന്‍ റിസര്‍വ് ബാങ്ക് അനുമതിയുണ്ട്. 2015 ജൂലായ് ഒന്നിനുള്ള ഉത്തരവുപ്രകാരം ഈ നിരക്ക് മിതവും ചെലവിന് അനുസൃതവുമാകണം. എന്നാല്‍, നിലവില്‍ മിനിമം ബാലന്‍സ് വിവിധ ബാങ്കുകളില്‍ വിവിധ തരത്തിലാണ്.

എസ്.ബി.ഐ. 2017 ജൂണില്‍ അക്കൗണ്ടിലെ മിനിമം ബാലന്‍സ് തുക അയ്യായിരമായി ഉയര്‍ത്തി. ആ വര്‍ഷം ഏപ്രില്‍-നവംബറില്‍ പിഴ ചുമത്തിയത് 1771 കോടി രൂപയാണ്. ഇതിനെതിരേ വലിയ പ്രതിഷേധമുയര്‍ന്നതോടെ മിനിമം തുക മെട്രോനഗരങ്ങളില്‍ 3000 ആയും സെമി അര്‍ബന്‍ കേന്ദ്രങ്ങളില്‍ 2000 ആയും ഗ്രാമീണ മേഖലകളില്‍ 1000 ആയും കുറച്ചു. പിഴയാകട്ടെ, 10 രൂപമുതല്‍ 100 രൂപവരെ നികുതിയുള്‍പ്പെടാതെ എന്ന നിലയിലുമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular