സ്വര്‍ണപ്പണയത്തിന്മേലുള്ള കാര്‍ഷിക വായ്പ ഇനി കൃഷിക്കാര്‍ക്ക് മാത്രം; ഒക്ടോബര്‍ മുതല്‍ നടപ്പിലാക്കും; വായ്പയെടുത്ത സാധാരണക്കാര്‍ ആശങ്കയില്‍

തിരുവനന്തപുരം: സ്വര്‍ണപ്പണയത്തിന്‍മേലുള്ള കാര്‍ഷികവായ്പ നല്‍കുന്നത് കൃഷിക്കാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയേക്കും. ഒക്ടോബര്‍ ഒന്നുമുതല്‍ ഈ നിബന്ധന നടപ്പില്‍വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

നാലുശതമാനം പലിശയ്ക്ക് മൂന്നുലക്ഷം രൂപവരെയുള്ള വായ്പ കര്‍ഷകരല്ലാത്തവര്‍ക്കു നല്‍കേണ്ടെന്നാണു കൃഷിമന്ത്രാലയത്തിന്റെ നിലപാട്. പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ മന്ത്രാലയം പ്രതിനിധികള്‍ ഈ നിലപാട് മുന്നോട്ടുവെച്ചിട്ടുണ്ട്. എങ്കിലും അന്തിമതീരുമാനമെടുത്ത് ഉത്തരവോ നിര്‍ദേശമോ സര്‍ക്കാരിനോ സംസ്ഥാനതല ബാങ്കേഴ്സ് സമിതിക്കോ ലഭിച്ചിട്ടില്ല. അടുത്തിടെ കേന്ദ്രസംഘം ബാങ്കുകളില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാകും അന്തിമ തീരുമാനം.

കേന്ദ്രനിര്‍ദേശം നടപ്പായാല്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്കോ കര്‍ഷകനാണെന്നു തെളിയിക്കുന്ന രേഖ നല്‍കുന്നവര്‍ക്കോ മാത്രമേ സ്വര്‍ണം ഈടായി നല്‍കിയുള്ള കാര്‍ഷിക വായ്പ കിട്ടൂ. ഇവര്‍ക്ക് മാത്രമാകും സബ്സിഡി ലഭിക്കുക. കര്‍ഷകരല്ലാത്തവര്‍ ഒമ്പതുശതമാനം സ്വര്‍ണവായ്പയ്ക്കുള്ള ഉയര്‍ന്നപലിശ നല്‍കേണ്ടിവരും. സെപ്റ്റബര്‍ 30 വരെ സമയമുള്ളതിനാല്‍ അതിനകം വായ്പ സംബന്ധിച്ച ഉത്തരവ് ഉണ്ടായേക്കുമെന്നാണ് ബാങ്കേഴ്സ് സമിതി പ്രതിനിധികള്‍ പറയുന്നത്.

കൃഷിക്കാരല്ലാത്തവര്‍ കുറഞ്ഞപലിശയ്ക്കുള്ള കാര്‍ഷികവായ്പയുടെ ആനുകൂല്യം നേടുന്നതില്‍ സംസ്ഥാന സര്‍ക്കാരും എതിരാണ്. കൃഷിയില്ലാത്തവര്‍ ഇത്തരത്തില്‍ ആനുകൂല്യം കൈപ്പറ്റുന്നതായി കഴിഞ്ഞദിവസം സംസ്ഥാനത്തെ ബാങ്കുകളില്‍ പരിശോധനയ്ക്കെത്തിയ കേന്ദ്രസംഘവും കണ്ടെത്തിയിരുന്നു. എന്നാല്‍, ഇതിനുമുമ്പുതന്നെ ഇത്തരത്തില്‍ നിബന്ധന ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിരുന്നെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ കോണ്‍ഫറന്‍സിലുണ്ടായ നിര്‍ദേശം. അതേസമയം സാധാരണക്കാരായ ആള്‍ക്കാര്‍ക്ക് ഈ സബ്‌സിഡി ഏറെ ആശ്വാസകരമായിരുന്നു. സബ്‌സിഡി പിന്‍വലിക്കുന്നതോടെ നിരവധി ജനങ്ങള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചേരുമെന്നത് വന്‍ അമര്‍ഷത്തിന് ഇടയാക്കുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular