മോറട്ടോറിയം രണ്ടുവര്‍ഷം വരെ നീട്ടാം; ചര്‍ച്ച നടക്കുന്നുവെന്ന് കേന്ദ്രം കോടതിയിൽ

ബാങ്ക് വായ്പകള്‍ക്കുള്ള മോറട്ടോറിയം രണ്ട് വര്‍ഷത്തേക്ക് നീട്ടാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കോവിഡ് ലോക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ആറ് മാസത്തേക്ക് അനുവദിച്ച മൊറട്ടോറിയം ഇന്നലെ അവസാനിച്ചിരുന്നു. മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിഷയത്തില്‍ കോടതി നാളെ വാദം കേള്‍ക്കും.

കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി മൂന്ന് മാസത്തേക്കാണ് ബാങ്ക് വായ്പ തിരിച്ചടവുകള്‍ക്ക് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ മൊറട്ടോറിയം അനുവദിച്ചത്. പിന്നീട് ആറ് മാസമാക്കി നീട്ടി. ഇതിന്‍റെ കാലാവധി ഇന്നലെ അവസാനിച്ചു. മൊറട്ടോറിയം കാലാവധി വീണ്ടും നീട്ടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാരോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോ പ്രതികരിച്ചിരുന്നില്ല.

എന്നാല്‍ മൊറട്ടോറിയം രണ്ട് വര്‍ഷത്തേക്ക് വരെ നീട്ടാമെന്നാണ് ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി പരിഗണിക്കവേ കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചത്. മൊറട്ടോറിയം കാലയളവില്‍ പലിശയും പിഴപ്പലിശയും ഒഴിവാക്കുന്ന കാര്യത്തില്‍ കൃത്യമായ തീരുമാനം ഇന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞില്ല. കേന്ദ്ര സര്‍ക്കാരും ആര്‍.ബി.എയും ബാങ്കുകളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇക്കാര്യത്തില്‍ ഒരു സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്നും കോടതി അത് പരിശോധിക്കണമെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. തുടര്‍ന്നാണ് വാദത്തിനായി കേസ് നാളേക്ക് മാറ്റിയത്.

Similar Articles

Comments

Advertismentspot_img

Most Popular