സി.പി.ഐ. പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ പോയതുകൊണ്ടാണ് അടി വാങ്ങിയതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സി.പി.ഐ. പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ പോയതുകൊണ്ടാണ് അടി വാങ്ങിയതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എം.എല്‍.എക്ക് മര്‍ദനമേറ്റത് സമരത്തിനിടെയാണ്. പോലീസ് ആരെയും വീട്ടില്‍ക്കയറി മര്‍ദിച്ചിട്ടില്ലെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചിയില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ ഉള്‍പ്പെടെയുള്ള സി.പി.ഐ നേതാക്കള്‍ക്ക് പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ സംഭവത്തിലാണ് കാനത്തിന്റെ പ്രതികരണം. ലാത്തിച്ചാര്‍ജിനിടെ ജില്ലാ സെക്രട്ടറിയെയും എം.എല്‍.എ.യെയും തിരിച്ചറിഞ്ഞില്ലേ എന്നകാര്യം പോലീസുകാരോട് ചോദിക്കണം. പോലീസ് അതിക്രമം നടന്നിട്ടുണ്ടെങ്കില്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ നടപടിയുണ്ടാകും. സംഭവത്തില്‍ എന്തു നടപടി സ്വീകരിക്കും എന്നകാര്യം അറിഞ്ഞിട്ട് കൂടുതല്‍ പ്രതികരിക്കാമെന്നും ഇപ്പോള്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ യോഗത്തില്‍ എ.കെ. ബാലന്‍ സി.പി.ഐക്കെതിരെ പരാമര്‍ശം നടത്തിയെന്ന തരത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിച്ചു. മന്ത്രി എ.കെ. ബാലന്‍ തന്നെ അത് നിഷേധിച്ചതാണെന്നും കാനം വ്യക്തമാക്കി.

ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്ക് അടക്കം മര്‍ദനമേറ്റ സംഭവത്തില്‍ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായി കാനം രാജേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഞാറയ്ക്കല്‍ സി.ഐ.ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി കാനത്തിന് ഉറപ്പുനല്‍കിയെന്നാണ് സൂചന.

കൊച്ചിയില്‍ സി.പി.ഐ. നടത്തിയ മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എം.എല്‍.എ. അടക്കമുള്ളവര്‍ക്കാണ് പോലീസിന്റെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. ഇതിനെതിരെ സി.പി.ഐ. നേതാക്കളും എല്‍ദോ എബ്രഹാമും പോലീസിനെതിരെ വിമര്‍ശം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ എം.എല്‍.എയ്ക്ക് അടക്കം മര്‍ദനമേറ്റിട്ടിട്ടും സി.പി.ഐ. സംസ്ഥാന സെക്രട്ടറി മൗനം അവലംബിച്ചത് വിവാദമായിരുന്നു. എല്‍ദോ എബ്രഹാമിനെ മര്‍ദിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ അന്വേഷണം കഴിയാതെ കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു അദ്ദേഹം നേരത്തെയുള്ള പ്രതികരണം. നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ വേറെ എന്താണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular