തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കില്ല

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കില്ല. എ.എ.പി. കേരളാഘടകം കണ്‍വീനര്‍ പി.സി. സിറിയക്കാണ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാലും ഒരേഒരു സീറ്റുകൊണ്ട് സര്‍ക്കാരില്‍ നിര്‍ണായക സ്വാധീനമൊന്നും വരുത്താന്‍ സാധിക്കില്ല. ഒരേയൊരു സീറ്റ് കിട്ടിയതുകൊണ്ട് യാതൊരു പ്രയോജനവുമില്ല- സിറിയക്ക് കൂട്ടിച്ചേര്‍ത്തു.

ഉപതിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് പാര്‍ട്ടിക്ക് ഒരു പ്രഖ്യാപിത നയമുണ്ടെന്നും സിറിയക് പറഞ്ഞു. പാര്‍ട്ടി അധികാരത്തില്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ പൊതുവേ ഉപതിരഞ്ഞെടുപ്പില്‍ എ.എ.പി. മത്സരിക്കാറില്ല എന്നതാണ് അത്. കാരണം ഉപതിരഞ്ഞെടുപ്പില്‍ ഒന്നോ രണ്ടോ സീറ്റ് ലഭിച്ചിട്ട് അവിടുത്തെ ഭരണത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ സാധിക്കില്ല. അതേസമയം പൊതുതിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിച്ച് വിജയിച്ച് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനം നിറവേറ്റണം, അതാണ് എ.എ.പിയുടെ ലക്ഷ്യം- സിറിയക് പറഞ്ഞു.

അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ മനസ്സില്‍ പാര്‍ട്ടിയുണ്ടെന്ന് ചില സര്‍വേകളിലൂടെ മനസ്സിലായിട്ടുണ്ട്. കേരളത്തില്‍ എല്ലാവരും മാറ്റം വേണം എന്ന് ആഗ്രഹിക്കുന്നുണ്ട്. മാറ്റം വേണം എന്ന ഈ ആഗ്രഹം വോട്ടാക്കി മാറ്റി എടുക്കാനുള്ള യത്‌നത്തില്‍ എ.എ.പി. കുറച്ചുകൂടി ശക്തിയാര്‍ജിക്കേണ്ടതുണ്ട്. അതിനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular