ഡോക്റ്റര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി; അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി

ന്യൂഡല്‍ഹി: സമരം ചെയ്യുന്ന ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐഎംഎ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്കുള്ള മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ക്ഷണം ഇന്നലെ ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സ്വീകരിച്ചിരുന്നു. ചര്‍ച്ച നടക്കുന്ന സ്ഥലവും സമയവും മമതയ്ക്ക് തീരുമാനിക്കാമെങ്കിലും മാധ്യമങ്ങളുടെ സാന്നിധ്യത്തിലാവണമെന്ന ഉപാധിയും സമരക്കാര്‍ വച്ചിരുന്നു.

ഉപാധിക്ക് മമത തയാറായാല്‍ ഇന്ന് ചര്‍ച്ച നടന്നേക്കും. ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കഴിഞ്ഞ പത്തിന് കൊല്‍ക്കത്ത എന്‍ആര്‍എസ് ആശുപത്രിയില്‍ രോഗി മരിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദ്ദിച്ചതോടെയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. തുടക്കം മുതലേ സമരക്കാര്‍ക്ക് അനുകൂല നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍.

അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി സംസ്ഥാനത്തും ഡോക്ടര്‍മാരുടെ പണിമുടക്ക് തുടങ്ങി. പശ്ചിമ ബംഗാളില്‍ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഐ എം എ നടത്തുന്ന രാജ്യ വാപക പണിമുടക്കിന്റെ ഭാഗമായാണ് സമരം. സ്വകാര്യ ആശുപത്രികളില്‍ നാളെ രാവിലെ ആറു മണി വരെ ഒ പി പ്രവര്‍ത്തിക്കില്ല. ഐ സി യു, ലേബര്‍ റൂം, അത്യാഹിത വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെ എട്ടു മുതല്‍ 10 വരെ ഒ പി മുടങ്ങും. മെഡിക്കല്‍ കോളജുകളില്‍ 10 മുതല്‍ 11 വരെ ഡോക്ടര്‍മാര്‍ പണിമുടക്കും. അതേസമയം ആര്‍ സി സി യില്‍ സമരം ഉണ്ടാകില്ല. സംസ്ഥാനത്ത് ദന്ത ആശുപത്രികളും അടച്ചിടും. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വാകാര്യ പ്രാക്ടീസും ഉണ്ടാകില്ല.

SHARE