തിങ്കളാഴ്ച രാജ്യവ്യാപകമായി ഡോക്റ്റര്‍മാരുടെ സമരം; 3.5 ലക്ഷം പേര്‍ പങ്കെടുക്കും; പ്രതിഷേധം ബംഗാളിലെ മമത സര്‍ക്കാരിനെതിരേ

ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാജ്യ വ്യാപക പണിമുടക്ക് നടത്തുമെന്ന് ഐഎംഎ. 3.5 ലക്ഷം ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുമെന്നും ഐഎംഎ അറിയിച്ചു.

കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗി മരിച്ചതിനെ തുടര്‍ന്നു ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച മുതല്‍ ബംഗാളില്‍ ഡോക്ടര്‍മാര്‍ പണിമുടക്കാന്‍ തീരുമാനിച്ചത്. സമരം നാലാം ദിവസത്തിലേക്കു കടന്നതോടെ ബംഗാളിലെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നായി 300 ഡോക്ടര്‍മാര്‍ രാജിവച്ചു. ഇതോടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളുടെയും പ്രവര്‍ത്തനം താറുമാറായി.

രാജ്യത്തെ മറ്റുഡോക്ടര്‍മാരും സമരത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തി. ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ ഹെല്‍മറ്റും ബാന്‍ഡേജും ധരിച്ചാണു രോഗികളെ പരിശോധിച്ചത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അന്ത്യശാസനം തള്ളിയാണ് ഡോക്ടര്‍മാര്‍ സമരരംഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്.

സുരക്ഷ ഉറപ്പാക്കാതെ ജോലിക്കെത്തില്ലെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍ സമരത്തിനു പിന്നില്‍ ബിജെപിയും സിപിഎമ്മും ആണെന്നും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിക്കുകയാണെന്നും മമതാ ബാനര്‍ജി ആരോപിച്ചു.

പണിമുടക്കിന്റെ ഭാഗമായി 17നു രാവിലെ 6 മുതല്‍ 18നു രാവിലെ 6 വരെ സംസ്ഥാനത്തെ ഡോക്ടര്‍മാരും പണിമുടക്കും. കാഷ്വാലിറ്റി, ലേബര്‍ റൂം, തീവ്രപരിചരണവിഭാഗം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നു കേരളഘടകം സെക്രട്ടറി ഡോ.എന്‍.സുല്‍ഫി അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular