വിട്ടുവീഴ്ചയില്ല; പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്കില്ല; ഉറച്ച നിലപാടുമായി ഇന്ത്യ

ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായി ഇപ്പോള്‍ ചര്‍ച്ചയ്ക്ക് അന്തരീക്ഷമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാക്കിസ്ഥാന്റെ സമീപനത്തില്‍ മാറ്റമില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ഭീകര വിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകാത്തിടത്തോളം ചര്‍ച്ചക്ക് സാഹചര്യമില്ലെന്ന് വ്യക്തമാക്കി.

മോദി -ഷി ജിന്‍പിങ്ങ് കൂടിക്കാഴ്ചക്കിടയിലായിരുന്നു പരാമര്‍ശം. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ബിഷ്‌ക്കെക്കില്‍ എത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെ കണ്ടത്. പാകിസ്ഥാന്‍ കേന്ദ്രീകൃത ഭീകരവാദം മേഖലയ്ക്ക് കടുത്ത ഭീഷണിയാണെന്ന് കൂടിക്കാഴ്ചയില്‍ മോദി പറഞ്ഞു.

മൂന്നുമണിക്കൂര്‍ അധികം യാത്ര ചെയ്താണ് മോദി കിര്‍ഗിസ്ഥാനിലെ ബിഷ്‌ക്കെക്കില്‍ എത്തിയത് തന്നെ. മോദിക്ക് പറക്കാന്‍ പ്രത്യേക അനുമതി നല്‍കാമെന്ന് പാകിസ്ഥാന്‍ അറിയിച്ചെങ്കിലും ഒമാന്‍ വഴി പോയാല്‍ മതിയെന്നായിരുന്നു ഇന്ത്യയുടെ തീരുമാനം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള നാല്‍പത് മിനിറ്റ് കൂടിക്കാഴ്ചയില്‍ ഭീകരവാദം ചര്‍ച്ചാ വിഷയമായി.

ഇന്നലെ അനന്ത്‌നാഗില്‍ നടന്ന ആക്രണം പോലും ഭീകരവാദികള്‍ക്കുള്ള പാക് പിന്തുണ വ്യക്തമാക്കുന്നു എന്ന് മോദി പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ച്ചിനെയും മോദി കണ്ടു. റഷ്യ പരമോന്നത സിവിലിയന്‍ പുരസ്‌കാരം തനിക്ക് പ്രഖ്യാപിച്ചതിന് നന്ദി അറിയിച്ചു.

കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് നടത്തുന്ന അത്താഴ വിരുന്നില്‍ മോദി പങ്കെടുക്കും. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും വിരുന്നില്‍ പങ്കെടുക്കുന്നുണ്ട്. ഔദ്യോഗിക കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ലെങ്കിലും അനൗപചാരിക സംഭാഷണം നടക്കുമോ എന്നാണ് അറിയേണ്ടത്. മൂന്നവസരങ്ങളിലെങ്കിലും രണ്ടു നേതാക്കളും ഒരേ സ്ഥലത്ത് ഉണ്ടാകും.

ഇതിനിടെ മോദിയെ പുകഴ്ത്തി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപയോ രംഗത്തു വന്നു. മോദിയുണ്ടെങ്കില്‍ ഇന്ത്യ -അമേരിക്ക ബന്ധത്തില്‍ എന്തും സാധ്യമെന്നായിരുന്നു പോംപിയോയുടെ വാക്കുകള്‍. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക ഇളവ് പിന്‍വലിക്കാനുള്ള അമേരിക്കന്‍ തീരുമാനത്തെ ചൊല്ലി തര്‍ക്കം തുടരുമ്പോഴാണ് പോംപോയോ മോദിയെ പുകഴ്ത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular