കല്ലട ബസ്സില്‍ ജീവനക്കാരുടെ ഗുണ്ടായിസം; യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ടു

കൊച്ചി: തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍നിന്ന് മൂന്ന് യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദിച്ച് ഇറക്കിവിട്ടെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. സുരേഷ് കല്ലട’ ബസ് ജീവനക്കാരായ മൂന്നു പേര്‍ക്കെതിരേയാണ് മരട് പോലീസ് കേസെടുത്തത്. പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവരെയാണ് ജീവനക്കാര്‍ മര്‍ദിച്ച് ബസില്‍നിന്ന് ഇറക്കിവിട്ടത്. അജയ് ഘോഷ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്.

അഷ്‌കറും സച്ചിനും ഈറോഡില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ്. തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുമ്പോഴാണ് മര്‍ദനമേറ്റത്. തിരുവനന്തപുരത്തു നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്നു അജയ് ഘോഷ്.

സംഭവമറിഞ്ഞെത്തിയ മരട് പോലീസ് മൂവരെയും വൈറ്റില പരിസരത്തു നിന്ന് കണ്ടെത്തുകയായിരുന്നു. തൃപ്പൂണിത്തുറയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തി ചികിത്സ തേടാന്‍ നിര്‍ദേശിച്ചെങ്കിലും യുവാക്കള്‍ എത്തിയില്ല. അജയ്‌ഘോഷ് തൃശ്ശൂരിലെ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഇതിനുശേഷം നല്‍കിയ പരാതിയിലാണ് കേസെടുത്തതെന്ന് മരട് എസ്.ഐ. ബൈജു പി. ബാബു പറഞ്ഞു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ബസില്‍ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് യുവാക്കള്‍ക്കു നേരെ നടന്ന അതിക്രമം പുറത്തറിയുന്നത്. ശനിയാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം.

പോലീസ് പറയുന്നതിങ്ങനെ – തിരുവനന്തപുരത്തുനിന്ന് ബസ് ഹരിപ്പാട്ടെത്തിയപ്പോള്‍ തകരാറിലായി. ഏറെനേരം കഴിഞ്ഞിട്ടും ബസ് പുറപ്പെടാതിരുന്നപ്പോള്‍ യാത്രക്കാരായ യുവാക്കള്‍ ചോദ്യം ചെയ്തു. ഇത് തര്‍ക്കത്തിന് കാരണമായി. ഹരിപ്പാട് പോലീസെത്തിയാണ് പ്രശ്നങ്ങള്‍ പരിഹരിച്ച് മറ്റൊരു ബസ് എത്തിച്ച് യാത്ര തുടരാന്‍ സൗകര്യം ഒരുക്കിയത്. അപ്പോഴേക്കും രണ്ടര മണിക്കൂര്‍ പിന്നിട്ടിരുന്നു. ബസ് വൈറ്റിലയിലെത്തിയപ്പോള്‍ ബസ് ഏജന്‍സിയുടെ വൈറ്റിലയിലെ ഓഫീസിലെ മൂന്ന് ജീവനക്കാരെത്തി ബസില്‍ കയറി യുവാക്കളെ മര്‍ദിക്കുകയും ഇറക്കി വിടുകയുമായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7