ഉത്തരേന്ത്യയില്‍ അയോധ്യ പോലെ ശബരിമല വിഷയം കേരളത്തില്‍ ബിജെപിക്ക് ഗുണം ചെയ്യും: ഒ. രാജഗോപാല്‍

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര വിഷയം ഉത്തരേന്ത്യയില്‍ ബി.ജെ.പിക്ക് ഗുണം ചെയ്തത് പോലെ ശബരിമല വിഷയം കേരളത്തില്‍ ഗുണം ചെയ്യുമെന്ന് ബി.ജെ.പി നേതാവും എം.എല്‍.എയുമായ ഒ. രാജഗോപാല്‍. ശബരിമല വിഷയത്തില്‍ കേരളത്തില്‍ ബി.ജെ.പിക്ക് വലിയ തോതില്‍ ശ്രദ്ധയുണ്ടാക്കാനായി. ബി.ജെ.പി നിലപാടിന് അംഗീകാരം വര്‍ധിച്ചു. ഒരു കുതിച്ചു ചാട്ടത്തിന് ഇത് കാരണമാകുമെന്നും ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാജഗോപാല്‍ പറഞ്ഞു.

അയോധ്യ വിഷയത്തില്‍ പള്ളി പൊളിച്ചവരെന്നും വര്‍ഗീയവാദികളെന്നും കമ്മ്യുണിസ്റ്റുകാര്‍ ആക്ഷേപിച്ചുവെങ്കിലും ആ സംഭവം ബി.ജെ.പിക്ക് വലിയ കുതിച്ചു ചാട്ടത്തിന് കാരണമായി. അതുപോലെ സംഭവിക്കാന്‍ പോകുകയാണ് ശബരിമലയിലും. അവിടെ അയോധ്യയാണെങ്കില്‍ ഇവിടെ ശബരിമലയാണെന്നും രാജഗോപാല്‍ പറഞ്ഞു.

സി.പി.എമ്മിന് ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വരും. വിശ്വാസികള്‍ക്കൊപ്പമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ ഒരു കാര്യവും ചെയ്തിട്ടില്ല. തല്ലുകൊണ്ടതും ചീത്തപ്പേര് കേട്ടതും കോടതിയില്‍ കേസുമായി കയറിയിറങ്ങുന്നതും ബി.ജെ.പിക്കാരാണ്. ഇത് ജനങ്ങള്‍ക്ക് അറിയാം. എങ്കിലും അവിശ്വാസികളല്ലല്ലോ എന്ന പരിഗണനയില്‍ കുറച്ച് ആനുകൂല്യം കോണ്‍ഗ്രസിനും ലഭിച്ചേക്കുമെന്നും രാജഗോപാല്‍ പറഞ്ഞു.

30 വര്‍ഷം ഭരിക്കാന്‍ ലഭിച്ചിട്ടും സി.പി.എമ്മും കോണ്‍ഗ്രസും ഒന്നും ചെയ്തില്ല. അവര്‍ നഷ്ടപ്പെടുത്തിയ അവസരത്തില്‍ ജനങ്ങള്‍ നിരാശരാണ്. കേരളത്തില്‍ വളര്‍ന്നു വരുന്ന ഒരു ആശയമുണ്ടെങ്കില്‍ അത് ബി.ജെ.പിയുടേത് മാത്രമാണ്. തങ്ങള്‍ ദേശീയത എന്ന് കാണുന്നതിനെ സി.പി.എമ്മും കോണ്‍ഗ്രസും വര്‍ഗീയത എന്ന് വിളിക്കുകയാണെന്നും രാജഗോപാല്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular