ന്യൂഡല്‍ഹി: ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് വെള്ളം നല്‍കില്ലെന്ന ഇന്ത്യയുടെ ഭീഷണിക്ക് മറുപടിയുമായി പാകിസ്താന്‍. 1960 ലെ ഉഭയകക്ഷി കരാര്‍ പ്രകാരം ഇന്ത്യാപാക് അതിര്‍ത്തിയിലൂടെ ഒഴുകുന്ന പടിഞ്ഞാറന്‍ നദികളില്‍ തൊട്ടുകളിച്ചാല്‍ ഇന്ത്യ വിവരം അറിയുമെന്ന് പാകിസ്താന്‍. ഛലം, ചിനാബ്, ഇന്‍ഡസ് നദിയെ തടയാനോ വഴിമാറ്റി ഒഴുക്കാനോ ശ്രമിച്ചാല്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് പാക് ജല മന്ത്രാലയം.
കിഴക്കന്‍ നദികളായ രവി, ബീയസ്, സത്‌ലജ് നദികളിലെ ജലം ഇന്ത്യ യമുനയിലേക്ക് വഴി തിരിച്ചുവിടുമെന്നും ജമ്മു കശ്മീരിലെയും പഞ്ചാബിലെയും ജലപ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഉപയോഗിക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ക്കരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യയുടെ തീരുമാനത്തില്‍ ആശങ്കയോ എതിര്‍പ്പോ ഇല്ലെന്നാണ് സെക്രട്ടറി ഖ്വാജാ ഷുമെയ്‌ലാണ് പ്രതികരിച്ചിരിക്കുന്നത്.
വിഭജനത്തിന് ശേഷം ആകെയുള്ള ഇരുരാജ്യങ്ങളിലുമായി ഒഴുകുന്ന ആറ് നദികള്‍ ഇരു രാജ്യങ്ങളും പകുത്തെടുത്തിരുന്നു. 1960ലെ ഉഭയകക്ഷി കരാര്‍ പ്രകാരം കിഴക്കന്‍ പ്രദേശത്തെ രവി, ബീയസ്, സത്‌ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കാണ്. ഛലം, ചിനാബ്, ഇന്‍ഡസ് നദികളുടെ നിയന്ത്രണം പാകിസ്ഥാനും. രവി നദിയിലെ സഹാപുര്‍കന്തി മേഖലയില്‍ ഒരു ഡാം നിര്‍മ്മിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്.
1995 ല്‍ തുടങ്ങി തടസ്സപ്പെട്ടു കിടക്കുന്ന ഡാമിന്റെ നിര്‍മ്മാണം വീണ്ടും തുടങ്ങി അതിലൂടെ വെള്ളം ശേഖരിച്ചു നാട്ടുകാര്‍ക്ക് ഉപയോഗപ്പെടുത്തുന്നത് ഇന്ത്യയുടെ ഇഷ്ടമാണെന്നും അതില്‍ തങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്നുമാണ് പാക് നിലപാട്. ജമ്മുകശ്മീര്‍, പഞ്ചാബ് സംസ്ഥാനങ്ങളിലെ ജലപദ്ധതിക്കായി ഉപയോഗപ്പെടുത്തി ബാക്കിയുള്ള ജലം രവിബീസ് ലിങ്ക് കനാല്‍ വഴി മറ്റു മേഖലകളില്‍ എത്തിക്കുമെന്നും.
ഡാം നിര്‍മ്മാണം ദേശീയപദ്ധതികളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആയിരുന്നു കഴിഞ്ഞ ദിവസം നിതിന്‍ ഗഡ്കരി വ്യക്തമാക്കിയത്. പാക് മാധ്യമമായ ഡോണ്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാക് ജല മന്ത്രാലയം സെക്രട്ടറി പ്രതികരണവുമായി എത്തിയത്.