സെന്‍കുമാറിനെ കുടുക്കാന്‍ പുതിയ നീക്കവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കിയതിനെതിരെ വിമര്‍ശനം ഉന്നയിച്ച മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ നടപടിക്ക് നീക്കം. സെന്‍കുമാറിനെതിരെ കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടി. ഡി.ജി.പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നിയമോപദേശം തേടിയിരിക്കുന്നത്.

കോഴിക്കോടുള്ള പൊതുപ്രവര്‍ത്തകനാണ് സെന്‍കുമാറിനെതിരെ പരാതി നല്‍കിയത്. നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ ടി പി സെന്‍കുമാര്‍ രൂക്ഷമായാണ് പ്രതികരിച്ചത്. പുരസ്‌കാരത്തിനായി നമ്പി നാരായണന്‍ നല്‍കിയ സംഭാവന എന്താണെന്ന് അവാര്‍ഡ് നല്‍കിയവര്‍ വിശദീകരിക്കണമെന്നും ശരാശരിയില്‍ താഴെയുള്ള ഒരു ശാസ്ത്രജ്ഞനാണ് നമ്പി നാരായണനെന്നും ചാരക്കേസ് കോടതി നിയോഗിച്ച സമിതി പരിശോധിക്കുകയാണെന്നും ടി പി സെന്‍കുമാര്‍ പറഞ്ഞിരുന്നു.

സമിതി റിപ്പോര്‍ട്ട് നല്‍കും വരെ നമ്പി നാരായണന്‍ സംശയത്തിന്റെ നിഴലില്‍ തന്നെയാണെന്നും ഇങ്ങനെ പോയാല്‍ മറിയം റഷീദയ്ക്കും ഗോവിന്ദച്ചാമിക്കും അവാര്‍ഡ് നല്‍കേണ്ടി വരുമെന്നും ടി പി സെന്‍കുമാര്‍ പരിഹസിച്ചിരുന്നു.

എന്നാല്‍ സെന്‍കുമാര്‍ ആരുടെ ഏജന്റാണെന്ന് തനിക്ക് അറിയില്ലെന്നും ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് താന്‍ കൊടുത്തിരിക്കുന്ന ഒരു കോടി രൂപയുടെ മാനനഷ്ട കേസില്‍ സെന്‍കുമാര്‍ പ്രതിയാണെന്നുമായിരുന്നു നമ്പി നാരായണന്റെ മറുപടി.

Similar Articles

Comments

Advertismentspot_img

Most Popular