ഫഹദിന്റെ സസ്‌പെന്‍സ് എന്‍ട്രി; കുമ്പളങ്ങി നൈറ്റ്‌സ് ട്രെയ്‌ലര്‍ കാണാം…

സൗഹൃദത്തിന്റെ കഥപറയുന്ന ‘കുമ്പളങ്ങി നൈറ്റ്‌സിന്റെ’ ട്രെയിലര്‍ പുറത്ത്. 2019ല്‍ മലയാളി പ്രേക്ഷകര്‍ ഒരേ മനസോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ഫഹദ് ഫാസിലിന്റെ സസ്‌പെന്‍സ് എന്‍ട്രിയും സൗഹൃദത്തിന്റെ മധുരവും വിളമ്പുന്നതാണ് രണ്ട് മിനിട്ടിലേറെ ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ട്രെയിലര്‍.

ആഷിഖ് അബു, ദിലീഷ് പോത്തന്‍ എന്നിവരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച മധു.സി നാരായണനാണ് ‘കുമ്പളങ്ങി നൈറ്റ്‌സി’ന്റെ സംവിധായകന്‍. ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണ് ഫഹദ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്യു തോമസ് എന്ന പുതുമുഖവും ഈ ചിത്രത്തില്‍ നിര്‍ണായക വേഷത്തിലെത്തുന്നുണ്ട്.

ശ്യാം പുഷ്‌ക്കറിന്റേതാണ് തിരക്കഥ. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീതവും നിര്‍വ്വഹിക്കും. സൈജു ശ്രീധരന്‍ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് ജോലികള്‍ ചെയ്യുക. ‘മഹേഷിന്റെ പ്രതികാരം’, ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ ടീം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘കുമ്പളങ്ങി നൈറ്റ്‌സി’നുണ്ട്.
ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കറിന്റെയും സിനിമാ നിര്‍മ്മാണ കമ്പനിയായ വര്‍ക്കിങ്ങ് ക്ലാസ് ഹീറോയും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്ന ബാനറില്‍ നസ്രിയയും ചേര്‍ന്നാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’ നിര്‍മ്മിക്കുന്നത്. ഫെബ്രുവരി ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.

Similar Articles

Comments

Advertismentspot_img

Most Popular