മകരവിളക്കിന് ശബരിമലയില്‍ പോകാന്‍ ഇളവു തേടി സുരേന്ദ്രന്‍; സമാധാന അന്തരീക്ഷം തകര്‍ക്കുമോ എന്ന് കോടതി

മകര വിളക്ക് ദര്‍ശനത്തിന് ശബരിമലയില്‍ പോകാന്‍ ഇളവു തേടി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. താന്‍ കെട്ടു നിറച്ചിട്ടുണ്ടെന്നും ദര്‍ശനം നടത്തേണ്ടതുണ്ടെന്നും കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ ഈ സീസണില്‍ തന്നെ പോകണോ എന്നു ചോദിച്ച കോടതി ഏതെങ്കിലും ഒന്നാം തീയതി ശബരിമല ദര്‍ശനം നടത്തിയാല്‍ മതിയാകില്ലേ എന്നും ആരാഞ്ഞു. ശബരിമലയില്‍ ഇപ്പോള്‍ സ്ഥിതികള്‍ ശാന്തമാണ്. അത് തകര്‍ക്കുമോ എന്നും കോടതി ചോദിച്ചു.

അതേ സമയം ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് പ്രതിയുടെ ഭാഗത്തുനിന്ന് ഉള്ളതെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഈ സീസണില്‍ ദര്‍ശനം അനുവദിക്കരുതെന്നും അഭ്യര്‍ഥിച്ചു. സുരേന്ദ്രന്റെ ഹര്‍ജി വരുന്ന തിങ്കളാഴ്ച പരിഗണിക്കുന്നതിന് മാറ്റിവച്ചു.

ചിത്തിര ആട്ടവിശേഷത്തിനിടെ കുട്ടിയുടെ ചോറൂണിനെത്തിയ സ്ത്രീയെ തടഞ്ഞെന്ന കേസിലാണ് ബിജെപി നേതാവ് കെ.സുരേന്ദ്രനെ അറസ്റ്റു ചെയ്തതും 23 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം മോചിതനായതും. കര്‍ശന ഉപാധികളോടെയാണു സുരേന്ദ്രന് ജാമ്യം ലഭിച്ചത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്നാണ് കോടതി നിര്‍ദേശം. 2013 ല്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന ട്രെയിന്‍ തടയല്‍ സമരം, 2016 ല്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് എന്നീ കേസുകളിലും ജാമ്യമെടുത്താണ് സുരേന്ദ്രന്‍ പുറത്തിറങ്ങിയത്.

Similar Articles

Comments

Advertismentspot_img

Most Popular