സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് പീഡനം; യുവതിയുടെ മരണത്തില്‍ ഭര്‍തൃമാതാവ് അറസ്റ്റില്‍

തിരുവനന്തപുരം: സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍തൃമാതാവ് അറസ്റ്റിലായി. വര്‍ക്കല തച്ചോട് സ്വദേശിനി പ്രശാന്തയാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്.

വര്‍ക്കല തച്ചോടുള്ള ഭര്‍തൃഭവനത്തില്‍ വച്ച് വ്യാഴാഴ്ചയായിരുന്നു കല്ലമ്പലം സ്വദേശിനി ഗായത്രി തൂങ്ങിമരിച്ചത്. വിവാഹം കഴിഞ്ഞ് മൂന്നുമാസം മാത്രം കഴിഞ്ഞപ്പോഴാണ് ആത്മഹത്യ. ഭര്‍ത്താവ് സുബിന്‍ ഗള്‍ഫിലാണ്. സ്ത്രീധനം കുറഞ്ഞുപോയി എന്ന പേരില്‍ ഭര്‍തൃമാതാവ് പ്രശാന്ത ഗായത്രിയെ തുടര്‍ച്ചയായി മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് പൊലീസ് പറഞ്ഞു. നിസാരകാര്യത്തിനുപോലും അധിഷേപിക്കുമായിരുന്നു എന്ന് ഗായത്രിയുടെ ബന്ധുക്കള്‍ പറയുന്നു.

ഗായത്രിയുടെ ആത്മഹത്യക്കുറിപ്പ് ഡയറിയില്‍ ഉണ്ടായിരുന്നു. കൂടാതെ ഗായത്രി എഴുതിയ മൂന്ന് കത്തുകളും പൊലീസ് കണ്ടെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അയിരൂര്‍ പൊലീസ് ഭര്‍തൃമാതാവിനെ അറസ്റ്റു ചെയ്തത്. പ്രതിയെ വര്‍ക്കല മുന്‍സിഫ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

SHARE