റഫാല്‍ ഇടപാട്: സുപ്രീംകോടതി വിധി റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്

ഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും, സുപ്രീംകോടതി വിധി റദ്ദാക്കണമെന്നും കോണ്‍ഗ്രസ്. കോടതിയെ തെറ്റിധരിപ്പിച്ച കേന്ദ്രത്തിനെതിരേ കോടതിയലക്ഷ്യ നോട്ടീസ് അയക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ ഡല്‍ഹിയില്‍ പറഞ്ഞു.
റഫാല്‍ ഇടപാടില്‍ കേന്ദ്രം അഴിമതി നടത്തിയെന്ന് ആവര്‍ത്തിച്ച ആനന്ദ ശര്‍മ്മ ഈ തെറ്റിന് പ്രായശ്ചിത്തമായി അവര്‍ ഗംഗാസ്‌നാനം നടത്തേണ്ടിവരുമെന്നും മാധ്യമങ്ങളോട് പറഞ്ഞു. റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്നും ഇടപാടില്‍ സംശയമില്ലെന്നും സുപ്രീംകോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാനായി റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളാണ് കേന്ദ്രം കോടതിയില്‍ സമര്‍പ്പിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വീണ്ടും കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.
റഫാല്‍ ഇടപാടിലെ സുപ്രീംകോടതി വിധിയില്‍ നിറയെ വസ്തുതാപരമായ പിശകുകളുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. വിമാനത്തിന്റെ വിലയെക്കുറിച്ചുള്ള വിവരങ്ങള്‍ സി.എ.ജി. പരിശോധിച്ചതാണെന്നും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ പി.എ.സി.യുടെ പരിഗണനയില്‍ വന്നതാണെന്നുമാണ് വിധിയില്‍ പറയുന്നത്. എന്നാല്‍ റഫാല്‍ ഇടപാടില്‍ അങ്ങനെയൊരു റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്ന് പി.എ.സി. ചെയര്‍മാനും പറയുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ചതാരാണെന്നും എ.ജി. എങ്ങനെയാണ് കോടതിക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയതെന്നും കപില്‍ സിബല്‍ ചോദിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular