ഹയർ സെക്കന്ററി പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ച എല്ലാവർക്കും സീറ്റ് കിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

ഹയർ സെക്കന്ററി പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ച എല്ലാവർക്കും സീറ്റ് കിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി . അപേക്ഷിച്ച എല്ലാവർക്കും സീറ്റ് നൽകണമെങ്കിൽ 1,31,996 സീറ്റ് വേണ്ടി വരും. അത്രയും സീറ്റുകളില്ല. എന്നാൽ പോളിടെക്നിക്കിലും വോക്കഷണൽ ഹയർ സെക്കണ്ടറിയിലും ആവശ്യത്തിന് സീറ്റ് ഉണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.

പ്ലസ് വൺ അലോട്ട്മെൻറ് തീർന്നാൽ സീറ്റ് മിച്ചം വരുമെന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ അവകാശ വാദം. എന്നാൽ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച കുട്ടികൾക്ക് പോലും ആഗ്രഹിച്ച വിഷയം പഠിക്കാൻ കഴിയാത്ത സ്ഥിതിയാണ് ഇത്തവണ കേരളത്തിലുള്ളത്. ഇന്ന് രണ്ടാം ഘട്ട അലോട്ട്മെൻറ് ലിസ്റ്റ് വന്നപ്പോൾ ബാക്കിയുള്ളത് 655 മെറിറ്റ് സീറ്റ് മാത്രമാണ്.

എസ്എസ്എൽസിക്ക് എല്ലാ വിഷയത്തിന് എ പ്ലസ് കിട്ടിയ കുട്ടികൾ പോലും വൻതുക കൊടുത്ത് മാനേജ്മെൻറ് ക്വാട്ടയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ആകെ പ്ലസ് വണ്ണിന് അപേക്ഷിച്ചവർ 4,65 219 പേരാണ് രണ്ട് അലോട്ട്മെൻറ് തീർന്നപ്പോൾ 2,70188 പേർക്കാണ് പ്രവേശനം കിട്ടിയത്. മെറിറ്റ് സീറ്റിൽ ഇനി ബാക്കിയുള്ളത് 655 സീറ്റ് മാത്രമാണ്. കമ്മ്യൂണിറ്റി ക്വാട്ടയിൽ 26,000 സീറ്റ് ഇനിയുണ്ട്. മാനേജ്മെൻറ് ക്വാട്ടയിലുള്ളത് 45,000 സീറ്റ്. അപേക്ഷിച്ച മുഴുവൻ പേർക്കും പ്രവേശനം കിട്ടിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി തന്നെ സമ്മതിക്കുന്നു. അപേക്ഷിച്ചവരിൽ 1,31996 പേർക്ക് ഇനിയും സീറ്റ് വേണം.

പക്ഷെ അഞ്ച് വർഷത്തെ തോത് അനുസരിച്ച് അപേക്ഷിച്ച എല്ലാവരും പ്രവേശനം നേടാറില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. സ്പോർട്സ് ക്വാട്ട സീറ്റിൽ ആളില്ലെങ്കിൽ പൊതുസീറ്റായി പരിഗണിക്കുമ്പോൾ കുറെ കൂടി സീറ്റ് കിട്ടുമെന്നും മന്ത്രി പറയുന്നു. മാനേജ്മെൻറ് ക്വാട്ടയിലും ഏകജാലക സംവിധാനത്തിന് പുറത്തുള്ള അൺ എയ്ഡഡ് മേഖലയിലും സീറ്റ് ഉണ്ടെന്നാണ് മന്ത്രിയുടെ മറ്റൊരു വിശദീകരണം. പക്ഷെ മാനേജ്മെനറ് ക്വാട്ടയിലെ പ്രവേശനത്തിന് വൻതുക ഫീസ് നൽകേണ്ടിവരും.

Similar Articles

Comments

Advertismentspot_img

Most Popular