ശബരിമല തന്ത്രി തന്നോട് നിയമോപദേശം തേടുകയായിരുന്നുവെന്ന് ശ്രീധരന്‍ പിള്ള

പത്തനംതിട്ട: ശബരിമല തന്ത്രി തന്നോട് നിയമോപദേശം തേടുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. ശബരിമലയിലെ പ്രക്ഷോഭ പരിപാടികള്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന പരാമര്‍ശത്തില്‍ ശ്രീധരന്‍പിള്ള വിശദീകരണത്തിന് തയ്യാറായില്ല.
കോടതിയലക്ഷ്യക്കേസില്‍ കൂട്ടുപ്രതിയെന്ന നിലയിലാണു തന്ത്രിയുമായി സംസാരിച്ചത്. തന്ത്രിയോട് സംസാരിച്ചതില്‍ തെറ്റില്ല. തന്ത്രി നട അടയ്ക്കുമെന്നു പറഞ്ഞതു തന്റെ നിര്‍ദേശപ്രകാരമാണെന്നു വ്യാഖ്യാനിക്കേണ്ട – ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയം ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയല്ലേ എന്ന ചോദ്യത്തിന് ആദ്യം പ്രകോപിതനായ ശേഷം ശ്രീധരന്‍ പിള്ള ഒഴിഞ്ഞുമാറി. നേരത്തെ സ്ത്രീകള്‍ പ്രവേശിച്ചാല്‍ ശബരിമല നട അടച്ചിടാനുള്ള തന്ത്രിയുടെ നീക്കം താനുമായി ആലോചിച്ചാണെന്ന് ശ്രീധരന്‍പിള്ള വെളിപ്പെടുത്തിയിരുന്നു.
ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍ ഇങ്ങനെ…നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞതു തന്നോടു സംസാരിച്ചശേഷമാണ്. കോടതിയലക്ഷ്യമാകില്ലെന്നു തന്ത്രിക്കു താന്‍ ഉറപ്പുനല്‍കിയിരുന്നുവെന്നും ശ്രീധരന്‍ പിള്ള പറയുന്നു. കോഴിക്കോട്ട് യുവമോര്‍ച്ച യോഗത്തിലായിരുന്നു ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍.
തുലാമാസ പൂജയ്ക്കായി നട തുറന്നസമയത്തു യുവതികള്‍ സന്നിധാനത്തിന് അടുത്തുവരെ എത്തിയിരുന്നു. അപ്പോഴാണു തന്ത്രി തന്നെ വിളിച്ചു കോടതി അലക്ഷ്യമാവില്ലേയെന്നു ചോദിച്ചത്. നട അടയ്ക്കുമെന്ന് നിലപാടെടുത്താല്‍ അതിന് ആയിരങ്ങളുടെ പിന്തുണയുണ്ടാകുമെന്നു താന്‍ ഉറപ്പുനല്‍കിയിരുന്നു. നമ്മള്‍ മുന്നോട്ടുവച്ച അജന്‍ഡയില്‍ എല്ലാവരും വീണു. കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നത്. ബിജെപിക്കു കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണിത്. പൊലീസിനെ മുട്ടുകുത്തിക്കാനായത് തന്ത്രിയുടെ നട അടയ്ക്കുമെന്ന നിലപാടിലാണെന്നും ശ്രീധരന്‍ പിള്ള പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular