കഥാപാത്രങ്ങള്‍ സൃഷ്ടിച്ച് നടന്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തേണ്ടവരാണ് സംവിധായകര്‍… അല്ലാതെ ആരാധകര്‍ ആവേണ്ടവരല്ല

കഥാപാത്രങ്ങള്‍ സൃഷ്ടിച്ച് നടന്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തേണ്ടവരാണ് സംവിധായകര്‍. അല്ലാതെ ആരാധകര്‍ ആവേണ്ടവരല്ലെന്ന് രഞ്ജിത്ത്. പ്രേക്ഷകരെപ്പോലെ താരങ്ങളുടെ ആരാധകര്‍ ആവേണ്ടവരല്ല സംവിധായകര്‍. ലോഹത്തിന് ശേഷം മോഹന്‍ലാലുമായി ഒന്നിക്കുന്ന ‘ഡ്രാമ’ എന്ന ചിത്രത്തെക്കുറിച്ച് ഒരു അഭിമുഖത്തിലാണ് രഞ്ജിത്തിന്റെ പ്രതികരണം. ഒരു താരത്തിന്റെ ആരാധകനും അയാളെ വച്ച് സിനിമയെടുക്കുന്ന സംവിധായകനും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടാന്‍ ദൃശ്യത്തിന്റെ ചിത്രീകരണസമയത്ത് തനിക്ക് വന്ന ആന്റണി പെരുമ്പാവൂരിന്റെ ഒരു ഫോണ്‍കോളിനെക്കുറിച്ച് പറയുകയാണ് ഇവിടെ രഞ്ജിത്ത്.

‘ദൃശ്യം എന്ന സിനിമയുടെ ഷൂട്ടിംഗ് തൊടുപുഴയില്‍ നടക്കുന്ന സമയം. ഞാന്‍ ആന്റണി പെരുമ്പാവൂരിനെ വിളിക്കുന്നു. ‘എന്താ ചേട്ടാ’ എന്ന് പറഞ്ഞുകൊണ്ട് ഫോണ്‍ എടുക്കുമ്പോഴേ അവന്റെ ശബ്ദത്തില്‍ വല്ലാത്തൊരു മാറ്റം എനിക്ക് ഫീല്‍ ചെയ്തു. ലൊക്കേഷനില്‍ നിന്ന് ഇറങ്ങി നടന്നുകൊണ്ടാണ് ആന്റണി സംസാരിക്കുന്നത്. ‘എന്ത് പറ്റിയെടാ’ എന്ന് ഞാന്‍ ചോദിച്ചു. ‘ചേട്ടാ, അവിടെ ഒരു മുറിയിലിട്ട് ലാല്‍സാറിനെ ഷാജോണ്‍ ഇടിക്കുകയാണ്. അത് കണ്ടുനില്‍ക്കാന്‍ കഴിയുന്നില്ല’ എന്നുപറഞ്ഞ് കരയുകയാണ് ആന്റണി. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് ആന്റണി എന്നോര്‍ക്കണം. പക്ഷേ അതിനേക്കാളുപരി അവന്‍ മോഹന്‍ലാലിന്റെ വലിയ ഫാനാണ്.’ ഈ ആരാധന ജീത്തു ജോസഫിന് തോന്നിക്കഴിഞ്ഞാല്‍ ദൃശ്യം എന്ന സിനിമ ഉണ്ടാകില്ലെന്ന് വിശദീകരിക്കുന്നു രഞ്ജിത്ത്.
‘കഥാപാത്രങ്ങള്‍ സൃഷ്ടിച്ച് നടന്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തേണ്ടവരാണ് സംവിധായകര്‍. അല്ലാതെ ആരാധകര്‍ ആവേണ്ടവരല്ല.’ മോഹന്‍ലാലിനോ മമ്മൂട്ടിക്കോ വെല്ലുവിളി ഉയര്‍ത്താന്‍ മലയാളസിനിമയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും രഞ്ജിത്ത്. ‘സംവിധായകരും എഴുത്തുകാരും ശ്രമിച്ചാല്‍ ഇതിലും വലിയ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയും. അവര്‍ക്ക് മാത്രമല്ല, അവര്‍ക്ക് ശേഷം വന്ന നടന്മാര്‍ക്കും കഴിയും’, രഞ്ജിത്ത് പറഞ്ഞു.
ലോഹത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലണ്ടനിലായിരുന്നു പ്രധാനമായും ചിത്രീകരണം. വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ലില്ലിപാഡ് മോഷന്‍ പിക്‌ചേഴ്‌സിന്റെയും ബാനറില്‍ എംകെ നാസ്സറും മഹാ സുബൈറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
കനിഹ, കോമള്‍ ശര്‍മ്മ, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവര്‍ക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്. ഛായാഗ്രഹണം അഴകപ്പന്‍. എഡിറ്റിംഗ് പ്രശാന്ത് നാരായണന്‍. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും

Similar Articles

Comments

Advertismentspot_img

Most Popular