ജിയോയ്ക്ക് പിന്നാലെ മറ്റു ടെലികോം കമ്പനികളും പോണ്‍ സൈറ്റുകള്‍ നിരോധിക്കുന്നു; ജിയോ താരിഫ് നിരക്കില്‍ തല്‍ക്കാലം മാറ്റമില്ല

രാജ്യത്ത് റിലയന്‍സ് ജിയോ അശ്ലീല സൈറ്റുകള്‍ ലഭ്യമാകുന്നത് നിരോധിച്ചതിന് പിന്നാലെ മറ്റ് ടെലികോം കമ്പനികളും പോണ്‍ സൈറ്റുകള്‍ നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ജിയോയ്ക്ക് പുറമേ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍ എന്നീ മുന്‍നിര സേവനദാതാക്കള്‍ ഉടനെ തന്നെ പോണ്‍ സൈറ്റുകള്‍ ബ്ലോക്ക് ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. അശ്ലീല ചിത്രങ്ങള്‍ നല്‍കുന്ന 827 പോണ്‍ വെബ് സൈറ്റുകള്‍ നിരോധിക്കാന്‍ ടെലികോം വകുപ്പ് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിന് പിന്നാലെയാണ് നിരോധവുമായി ജിയോ രംഗത്ത് വന്നത്.

സൈറ്റുകള്‍ ബ്ലോക്ക് ചെയ്തതില്‍ വിയോജിപ്പുള്ള ഉപയോക്താക്കള്‍ മറ്റ് ടെലകോം കമ്പനികളെ ആശ്രയിച്ചേക്കുമെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് മറ്റുള്ളവരും അശ്ലീല സൈറ്റുകള്‍ നിരോധിച്ചേക്കുമെന്ന വിവരം പുറത്തുവന്നിരിക്കുന്നത്.

പോണ്‍ സൈറ്റുകള്‍ നിരോധിക്കണമെന്ന ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ടെലികോം വകുപ്പ് ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. നിര്‍ദേശം അനുസരിച്ച് റിലയന്‍സ് ജിയോ നൂറിലേറെ അഡള്‍ട് സൈറ്റുകള്‍ അവരുടെ നെറ്റ് വര്‍ക്കിലൂടെ ഇപ്പോള്‍ അനുവദിക്കുന്നില്ല. ഇതേ തുടര്‍ന്ന് എക്സ് വീഡിയോസ്, പോണ്‍ ഹബ് തുടങ്ങിയ പ്രശസ്തമായ സെക്സ് സൈറ്റുകള്‍ ജിയോയില്‍ ലഭ്യമല്ല.

അതിനിടെ റിലയന്‍സ് ജിയോ താരിഫ് നിരക്കുകള്‍ കൂട്ടില്ലെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ഇപ്പോഴും നിരവധി പേര്‍ ഫീച്ചര്‍ ഫോണുകളാണ് ഉപയോഗിക്കുന്നതെന്നും ഇതിനാല്‍ തന്നെ നിരക്കുകള്‍ കൂട്ടാനാകില്ലെന്നും പിടിച്ചുനില്‍ക്കാന്‍ കമ്പനികള്‍ മറ്റു വഴികള്‍ തേടണമെന്ന് ജിയോ പ്രസിഡന്റ് മാത്യു ഉമ്മന്‍ പറഞ്ഞു.

40 കോടി ഇന്ത്യക്കാര്‍ ഇപ്പോഴും ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരാണ്. അതുകൊണ്ടു തന്നെ താരിഫ് ഉയര്‍ത്താന്‍ കഴിയില്ല, കമ്പനികള്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ഇല്ലെങ്കില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മൊബൈല്‍ ഡേറ്റയുടെ പിന്‍ബലത്തില്‍ സമ്പന്നമായ യുഎസ്, ചൈനീസ് ഇന്റര്‍നെറ്റ് ഭീമന്മാര്‍ ഉദാഹരണമാണ്.

2019-20 ഓടുകൂടി രാജ്യത്ത് 5ജി സംവിധാനം സജ്ജമാകുമെന്നാണ് കരുതുന്നത്. എന്നാല്‍, ഇന്ത്യയില്‍ 5ജി ഡിവൈസുകള്‍ വ്യാപകമാകാന്‍ 2021 വരെ കാത്തിരിക്കേണ്ടി വരും. 2019-2020 കാലയളവില്‍ 5ജി ഇക്കോസിസ്റ്റം ലഭ്യമാകുമെന്ന് കരുതാം. ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും 5ജി എത്തും. ഇതിനായി താങ്ങാനാവുന്ന വിലയ്ക്ക് 5ജി ഹാന്‍ഡ്സെറ്റുകള്‍ ലഭ്യമാക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

5ജി നെറ്റ്വര്‍ക്കും ഡിവൈസുകളും നിര്‍മിക്കാനും സജ്ജമാക്കാനും ജിയോ ഇപ്പോള്‍ തന്നെ നീക്കം തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് ആദ്യം 5ജി കൊണ്ടുവരിക ജിയോ ആയിരിക്കുമെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular