കന്നി സെഞ്ച്വറിയോടെ ജഡേജയും; വിന്‍ഡീസിനെതിരേ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

രാജ്കോട്ട്: പുതുമുഖം പൃഥ്വി ഷാ, ക്യാപ്റ്റന്‍ വിരാട് കോഹ്ലി എന്നിവര്‍ക്ക് പിന്നാലെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും സെഞ്ച്വറി സ്വന്തമാക്കിയതോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ജഡേജ തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയതിനു പിന്നാലെ ഇന്ത്യ ഒന്‍പതു വിക്കറ്റിന് 649 റണ്‍സിന് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.

അരങ്ങേറ്റ ടെസ്റ്റ് കളിച്ച പൃഥ്വി ഷാ (134), നായകന്‍ വിരാട് കോഹ്ലി (139) എന്നിവര്‍ക്കു പിന്നാലെയായിരുന്നു ജഡേജയുടെ സെഞ്ചുറി (100). ഇവര്‍ക്കു പുറമേ ചേതേശ്വര്‍ പൂജാര (86), ഋഷഭ് പന്ത് (92) എന്നിവരും ഇന്ത്യന്‍ സ്‌കോറിലേക്ക് സംഭാവന നല്‍കി. 132 പന്തില്‍ അഞ്ചു ബൗണ്ടറികളും അഞ്ചു സിക്സും ഉള്‍പ്പെടെയാണ് ജഡേജ കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ചുറി കുറിച്ചത്. ജഡേജയ്ക്കൊപ്പം മുഹമ്മദ് ഷമി രണ്ടു റണ്‍സോടെ പുറത്താകാതെ നിന്നു.

കൗമാര താരം പൃഥ്വി ഷായുടെ അരങ്ങേറ്റത്തിലെ സെഞ്ചുറിയായിരുന്നു ആദ്യ ദിവസത്തെ പ്രത്യേകതയെങ്കില്‍ രണ്ടാം ദിനം ഇന്ത്യന്‍ നായകന്‍ വിരാട് കോലി തന്റെ 24-ാം സെഞ്ചുറിയുമായി കളംനിറഞ്ഞു. 230 പന്തില്‍ 10 ബൗണ്ടറികളോടെ 139 റണ്‍സെടുത്ത കോലി ഒടുവില്‍ ഹക്കിം ലെവിസിന്റെ പന്തില്‍ പുറത്താകുകയായിരുന്നു.

അടിച്ചുതകര്‍ത്ത് മുന്നേറിയ യുവതാരം ഋഷഭ് പന്തിന് എട്ടു റണ്‍സ് അകലെ രണ്ടാം ടെസ്റ്റ് സെഞ്ചുറി നഷ്ടമാകുകയും ചെയ്തു. 84 പന്തില്‍ എട്ടു ബൗണ്ടറിയും നാലു സിക്സറുമടക്കം 92 റണ്‍സെടുത്ത പന്തിനെ ദേവേന്ദ്ര ബിഷുവാണ് പുറത്താക്കിയത്. അഞ്ചാം വിക്കറ്റില്‍ കോലിക്കൊപ്പം 136 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പന്ത് പുറത്തായത്. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ സെഞ്ചുറി നേടിയ പന്തിന്, തുടര്‍ച്ചയായ രണ്ടു ടെസ്റ്റുകളില്‍ സെഞ്ചുറി നേടാനുള്ള അവസരമാണ് നഷ്ടമായത്.

രണ്ടാം ദിനം നാലിന് 34 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യന്‍ സ്‌കോര്‍ വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോയത് പന്തിന്റെ വെടിക്കെട്ടായിരുന്നു. നേരത്തെ ടെസ്റ്റിന്റെ ആദ്യ ദിനം സെഞ്ചുറി നേടിയ പൃഥ്വി ഷായും (134) പൂജാരയുമാണ് (86) ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത്. ലോകേഷ് രാഹുലിനെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായ ശേഷം ഒത്തു ചേര്‍ന്ന ഈ സഖ്യം 206 റണ്‍സ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തു.

ഇരുവരും പുറത്തായതിനു പിന്നാലെ ഒത്തുചേര്‍ന്ന കോലി-രഹാനെ (41) സഖ്യവും സെഞ്ചുറി കൂട്ടുകെട്ട് (105) തീര്‍ത്ത ശേഷമാണ് പിരിഞ്ഞത്. ലോകേഷ് രാഹുല്‍ (0), അജിങ്ക്യ രഹാനെ (41), രവിചന്ദ്രന്‍ അശ്വിന്‍ (7), കുല്‍ദീപ് യാദവ് (12) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായ മറ്റു താരങ്ങള്‍. വിന്‍ഡീസിനായി ദേവേന്ദ്ര ബിഷൂ നാലു വിക്കറ്റ് വീഴ്ത്തി.

നേരത്തെ കരിയറിലെ 24ാം സെഞ്ച്വറിയോടെ കോഹ്ലി സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡ് മറികടന്നു. ഏറ്റവും കുറച്ച് ഇന്നിങ്‌സുകളില്‍നിന്ന് 24 സെഞ്ചുറി പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമാണ് കോഹ്‌ലി.
സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനാണ് ഇക്കാര്യത്തില്‍ മുന്‍പന്‍. വെറും 66 ഇന്നിങ്‌സുകളില്‍നിന്ന് ബ്രാഡ്മാന്‍ 24 ടെസ്റ്റ് സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍, രണ്ടാം സ്ഥാനം സ്വന്തമാക്കിയ കോഹ്‌ലിക്ക് ഈ നേട്ടത്തിലേക്ക് 123 ഇന്നിങ്‌സുകള്‍ വേണ്ടിവന്നു. സച്ചിന്‍ 125 ഇന്നിങ്‌സുകളില്‍ നിന്നാണ് 24 ടെസ്റ്റ് സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയത്. സുനില്‍ ഗാവസ്‌കര്‍ (128), മാത്യു ഹെയ്ഡന്‍ (132) എന്നിവര്‍ പിന്നിലുണ്ട്.

അര്‍ധസെഞ്ചുറികള്‍ സെഞ്ചുറിയിലേക്ക് എത്തിക്കുന്നതില്‍ ഓസീസ് ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാന് മാത്രം പിന്നിലാണ് കോഹ്‌ലി. ടെസ്റ്റ് ക്രിക്കറ്റില്‍ ഇരുപതിലേറെ സെഞ്ചുറികള്‍ നേടിയ 44 താരങ്ങളില്‍, ഇരുപതില്‍ താഴെ അര്‍ധസെഞ്ചുറിയുള്ള താരങ്ങള്‍ ബ്രാഡ്മാനും കോഹ്‌ലിയും മാത്രമാണ്. ബ്രാഡ്മാന് 13 അര്‍ധസെഞ്ചുറിയും കോഹ്‌ലിക്ക് 19 അര്‍ധസെഞ്ചുറിയുമാണുള്ളത്. അതായത് നേടിയ അര്‍ധസെഞ്ചുറികളില്‍ കൂടുതലും ഇരുവരും സെഞ്ചുറികളാക്കി രൂപാന്തരപ്പെടുത്തി.

ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമായും കോഹ്‌ലി മാറി. ഇന്ത്യയെ നയിക്കുമ്പോള്‍ കോഹ്‌ലിയുടെ 17ാം ടെസ്റ്റ് സെഞ്ചുറിയാണിത്. ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ഗ്രെയിം സ്മിത്ത് (25), ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ് (19) എന്നിവര്‍ മാത്രമാണ് ഇക്കാര്യത്തില്‍ കോഹ്‌ലിക്കു മുന്നിലുള്ളത്.

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരവും കോഹ്‌ലി തന്നെ. സച്ചിന്‍ െതന്‍ഡുല്‍ക്കര്‍ (51), രാഹുല്‍ ദ്രാവിഡ് (36), സുനില്‍ ഗാവസ്‌കര്‍ (34) എന്നിവര്‍ മാത്രമാണ് ഇനി കോഹ്‌ലിക്കു മുന്നിലുള്ളത്. ഏറ്റവും കൂടുതല്‍ കലണ്ടര്‍ വര്‍ഷത്തില്‍ ഏഴോ അതിലധികമോ സെഞ്ചുറികള്‍ നേടിയിട്ടുള്ള താരമായും കോഹ്‌ലി മാറി. ഇക്കാര്യത്തില്‍ സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിനൊപ്പമെത്തി കോഹ്‌ലി. ഇത് അഞ്ചാം തവണയാണ് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കോഹ്ലി ഏഴ് സെഞ്ചുറി പിന്നിടുന്നത്. 2012, 2014, 2016, 2017 വര്‍ഷങ്ങളിലും കോഹ്‌ലി ഏഴു സെഞ്ചുറികള്‍ നേടി.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 1996, 1998, 1999, 2001, 2010 വര്‍ഷങ്ങളിലാണ് ഏഴോ അതിലധികമോ രാജ്യാന്തര സെഞ്ചുറികള്‍ നേടിയിട്ടുള്ളത്. ഓസീസ് താരങ്ങളായ റിക്കി പോണ്ടിങ് (2002, 03, 05, 06), സ്റ്റീവ് സ്മിത്ത് (2014, 15, 16, 17) എന്നിവര്‍ നാലു കലണ്ടര്‍ വര്‍ഷങ്ങളില്‍ ഏഴോ അതിലധികമോ സെഞ്ചുറി നേടിയിട്ടുണ്ട്. ഇരുപത് വ്യത്യസ്ത മൈതാനങ്ങളില്‍ സെഞ്ചുറി നേടിയ താരമെന്ന നേട്ടവും കോഹ്‌ലിക്കു സ്വന്തം. ഇന്ത്യയില്‍ മാത്രം പത്താമത്തെ വേദിയിലാണ് കോഹ്‌ലി സെഞ്ചുറി പിന്നിടുന്നത്.

SHARE