അത് ഫാനിസം കൂടിപ്പോയപ്പോള്‍ ഇട്ട കമന്റ്, ഇന്നത് വായിക്കുമ്പോള്‍ ലജ്ജ തോന്നുന്നു; പൃഥ്വി ആരാധകരോട് മാപ്പ് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

കൊച്ചി: പൃഥ്വിരാജിനെ ‘രാജപ്പന്‍’ എന്നു പരിഹസിച്ചു കമന്റിട്ട സംഭവത്തില്‍ ആരാധകരോട് മാപ്പു ചോദിച്ച് ഐശ്വര്യ ലക്ഷ്മി. ഫാനിസം കൂടിപ്പോയി കൂട്ടകാര്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ ചിലവഴിച്ച സമയങ്ങളില്‍ ഇട്ട കമന്റാണതെന്നും ഇന്നത് വായിക്കുമ്പോള്‍ തനിക്ക് ലജ്ജയും നാണക്കേടും തോന്നുന്നുണ്ടെന്നുമാണ് ഐശ്വര്യ പറഞ്ഞത്.

2013ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ‘ഔറംഗസേബ്’ ല്‍ നായകന്മാരായ അര്‍ജുന്‍കപൂറും, പൃഥ്വിരാജും ഒന്നിച്ചു നില്‍ക്കുന്ന ചിത്രത്തിന് ഇട്ട കമന്റിലാണ് ഐശ്വര്യയുടെ ഈ വിശദീകരണം. ‘ ഇടികൊണ്ട് ഡാമേജ് ആയ അവസ്ഥയിലാണ് ഈ ചിത്രത്തില്‍ രാജപ്പന്‍. എന്റെ നായകനെ നോക്കൂ, എത്ര ഹോട്ടാണ് അദ്ദേഹം’ എന്നായിരുന്നു ഈ കമന്റ്.

അന്ന് സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ പേരില്‍ ഐശ്വര്യയ്ക്ക് പൃഥ്വിരാജ് ആരാധകരുടെ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇപ്പോള്‍ ആരാധകര്‍ ഈ സംഭവം വീണ്ടും പൊക്കിക്കൊണ്ടുവന്നതോടെയാണ് ഖേദപ്രകടനവുമായി ഐശ്വര്യ രംഗത്തുവന്നിരിക്കുന്നത്.

ഐശ്വര്യയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

മുന്‍പൊരു സമയത്ത് ഫാനിസം കൂടി പോയി കൂട്ടുകാര്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ ചിലവഴിച്ച സമയങ്ങളില്‍ ഇട്ട ഒരു കമന്റ് ആണ് അത്. ഇന്നത് വായിക്കുമ്പോള്‍ എനിക്ക് തന്നെ ലജ്ജയും നാണക്കേടും തോന്നുന്നുണ്ട്. 6 വര്‍ഷം മുന്‍പ് ഫാനിസത്തിന്റെ പേരില്‍ മാത്രം ചെയ്തൊരു കമന്റിന്റെ പേരില്‍ നിങ്ങള്‍ എന്നെ വെറുക്കരുത്. ഞാനും രാജു ചേട്ടന്റെ ഒരു ആരാധികയാണ്. തീര്‍ത്തും അറിയാതെ സംഭവിച്ചൊരു തെറ്റ് നിങ്ങളില്‍ ദേഷ്യമോ വിഷമമോ വരുത്തിയിട്ടുണ്ടെങ്കില്‍ ഞാന്‍ മനസ്സ് കൊണ്ട് ക്ഷമ ചോദിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular