‘അമ്മ’യുടെ തീരുമാനങ്ങള്‍ ശരിയെന്നു വിശ്വസിക്കുന്നു; കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നിവിന്‍ പോളി

താരസംഘടനയായ ‘അമ്മ’യെടുക്കുന്ന തീരുമാനങ്ങള്‍ ശരിയാണെന്ന് വിശ്വസിക്കുന്നുവെന്നുവെന്ന് യുവനടന്‍ നിവിന്‍ പോളി. ‘അമ്മ’യിലെ ഒരു അംഗം എന്ന നിലയില്‍ സംഘടനയുടെ ഭാരവാഹികളുടെ തീരുമാനങ്ങളെ അംഗീകരിക്കുന്നുവെന്നും നിവിന്‍ പോളി പറഞ്ഞു. താന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗമല്ലെന്നും അതിനാല്‍ സംഘടനയെക്കുറിച്ചോ അതിന്റെ തീരുമാനങ്ങളെക്കുറിച്ചോ കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒരു അഭിമുഖത്തില്‍ നിവിന്‍ പോളി വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ തിരിച്ചെടുക്കാനുള്ള ‘അമ്മ’യുടെ തീരുമാനം വിവാദമായ സാഹചര്യത്തില്‍ അത്തരം ചര്‍ച്ചകളില്‍ നിന്നും വിട്ടു നിന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു നിവിന്‍ പോളി ഇത്തരത്തില്‍ മറുപടി പറഞ്ഞത്. വിഷയത്തില്‍ യുവതാരങ്ങള്‍ ആരും തന്നെ പ്രതികരിച്ചില്ലെന്ന് നടി രേവതി പറഞ്ഞിരുന്നു.

അഭിമുഖത്തില്‍ തന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചും ‘കായംകുളം കൊച്ചുണ്ണി’ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചും നിവിന്‍ സംസാരിച്ചു.

‘നായകനായ കൊച്ചുണ്ണിയുടെ സുഹൃത്തും വഴികാട്ടിയുമൊക്കെയായ ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. ലാലേട്ടനല്ലാതെ മറ്റൊരാളെ ഈ കഥാപാത്രമായി സങ്കല്‍പിക്കാന്‍ പോലും കഴിയുമായിരുന്നില്ല. സ്‌ക്രിപ്റ്റ് കേട്ട് ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ അദ്ദേഹത്തിന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. 10-12 ദിവസം അദ്ദേഹം ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു,’ നിവിന്‍ പോളി പറഞ്ഞു.

ഇത്രയും കാലം സെറ്റിനു പുറത്തു വച്ചേ മോഹന്‍ലാലിനെ കണ്ടിട്ടുണ്ടായിരുന്നുള്ളുവെന്നും എന്നാല്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നത് തീര്‍ത്തും വ്യത്യസ്തമായൊരു അനുഭവമായിരുന്നുവെന്നും നിവിന്‍ പോളി പറഞ്ഞു.

‘നിരവധി കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പഠിക്കാന്‍ സാധിച്ചു. വളരെ പ്രൊഫഷണല്‍ ആണ്. ഒരു നിമിഷം പോലും വെറുതേ ഇരിക്കില്ല. മഴയായാലും വെയിലായാലും സാധിക്കുന്ന അത്രയും ജോലി ചെയ്യാം എന്നതാണ് അദ്ദേഹത്തിന്റെ മന്ത്രം. ശരിക്കും അവിശ്വസനീയമാണത്,’ കാര്യങ്ങള്‍ സമയമെടുത്ത് അല്‍പം വ്യത്യസ്തമായി ചെയ്യാന്‍ മോഹന്‍ലാല്‍ നിര്‍ദേശിക്കുമായിരുന്നുവെന്നും നിവിന്‍ പോളി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular