സ്ഫടികത്തിന്റെ രണ്ടാം ഭാഗം എന്തുകൊണ്ട് ഇറങ്ങില്ല? കാരണം വ്യക്തമാക്കി സംവിധായകന്‍

മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് സ്ഫടികം. പഞ്ച് ഡയലോഗുകളും, ആട് തോമയായുള്ള മോഹന്‍ലാലിന്റെ മുണ്ടു പറിച്ചടിയുമൊക്കെ പ്രേക്ഷക മനസില്‍ ഇന്നും മായാതെ കിടപ്പുണ്ട്. സിനിമ ഇറങ്ങി 23 വര്‍ഷം പിന്നിട്ടിട്ടും ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആട് തോമയും തിലകന്‍ വേഷമിട്ട ചാക്കോ മാഷും ഇന്നും സിനിമാ പ്രേമികളുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞുകിടപ്പുണ്ട്. ആദ്യകാലം മുതല്‍ത്തന്നെ പ്രേക്ഷകര്‍ ചോദിച്ചിരുന്ന ഒരു കാര്യമുണ്ടായിരുന്നു ഈ സിനിമയ്ക്ക് രണ്ടാം ഭാഗം ഇറക്കുമോയെന്നത്.

സ്ഫടികം ഇറങ്ങി നാളിത്രയായിട്ടും ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇന്നും സജീവമാണ്. അടുത്തിടെ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുകയാണെന്ന് ബിജു കെ കട്ടക്കല്‍ അറിയിച്ചിരുന്നു. സ്ഫടികം 2 ഇരുമ്പന്‍ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ആട് തോമയുടെ മകനായ ഇരുമ്പന്റെ കഥയാണ് പറയുകയെന്നും സില്‍ക്ക് സ്മിതയുടെ മകളായി സണ്ണി ലിയോണ്‍ എത്തുമെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ത്തി ആരാധകര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ഇത്തരമൊരു ശ്രമത്തിന് താനൊരിക്കലും സമ്മതം നല്‍കില്ലെന്ന് ഭദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായാണ് അദ്ദേഹം രണ്ടാം ഭാഗം ഒരുക്കാത്തതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്.

സ്ഫടികത്തിന്റെ രണ്ടാം ഭാഗം എന്ന ആവശ്യവുമായി നേരത്തെ തന്നെ പലരും തന്നെ തേടിയെത്തിയിട്ടുണ്ട്. ചിത്രം റിലീസ് ചെയ്ത് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഇതേ ആവശ്യവുമായി നിര്‍മ്മാതാവായ ഗുഡ്നൈറ്റ് മോഹന്‍ വീട്ടില്‍ വന്നിരുന്നു. 65 ലക്ഷം രൂപ വിലമതിക്കുന്ന ബെന്‍സ് കാറായിരുന്നു അദ്ദേഹം ഓഫര്‍ ചെയ്തത്. ഒരു വര്‍ഷമാണ് അദ്ദേഹം അത് ഉപയോഗിച്ചത്. തുണി പറിച്ചുള്ള ഇടിയും കറുപ്പും ചുവപ്പമുള്ള ഷോര്‍ട്സിട്ട് റെയ്ബാന്‍ വെച്ചുള്ള ഇടിയും രണ്ടാം ഭാഗത്തിലുണ്ടായിരിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ ആവശ്യം ആദ്യം കേട്ടപ്പോള്‍ ചിരിയാണ് വന്നതെന്നും പിന്നീട് അതിനു പിന്നിലെ കാരണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം ബെന്‍സ് വേണമെങ്കില്‍ ചെയ്താ മതിയെന്ന് പറഞ്ഞിരുന്നതായും ഭദ്രന്‍ ഓര്‍ത്തെടുക്കുന്നു.

ചെകുത്താന്‍ എന്ന് മകനെക്കുറിച്ചെഴുതിയ അപ്പന്‍ പിന്നീട് സ്ഫടികം എന്നെഴുതുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. ആ അപ്പന്‍ വില്ലന്‍മാരാല്‍ കൊല്ലപ്പെടുകയും മകന്‍ ജയിലിലേക്കും പോവുകയും ചെയ്യുന്ന ക്ലൈമാക്സായിരുന്നു. ജയിലില്‍ നിന്നും തിരികയെത്തുന്ന മകന്‍ പിന്നെയും ചെകുത്താനാവുമോ, വീണ്ടും ഗുണ്ടയുടെ വേഷമണിഞ്ഞല്ലല്ലോ അദ്ദേഹം ജീവിതത്തിലേക്ക് കടന്നുപോകുന്നത്. മകനെ വളര്‍ത്തിയതിന്റെയും അവനെക്കുറിച്ച് തെറ്റായി മനസ്സിലാക്കിയതിനെക്കുറിച്ചും മനസ്സിലായ പിതാവ് സ്ഫടികം എന്നെഴുതുന്നതിലൂടെ ആ കഥയും സിനിമയും അവസാനിച്ചു. അതിനാല്‍ത്തന്നെ രണ്ടാം ഭാഗത്തിന് അവിടെ സ്‌കോപ്പില്ല.

ആടു തോമയുടെ മകനിലൂടെയാണ് ഇപ്പോഴത്തെ ചിത്രം സഞ്ചരിക്കുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്. ആടുതോമയുടെ മകന്‍ ഒരിക്കലും റൗഡിയാവില്ല. തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട തോമ തനിക്ക് അപ്പനില്‍ നിന്നും ലഭിക്കാതെ പോയത് മകന് നല്‍കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അതിനാല്‍ത്തന്നെ ആ മകന്‍ ഒരിക്കലും ചട്ടമ്പിയായോ തെറ്റായ വഴിയിലൂടെ സഞ്ചിരിക്കുന്നവനോ ആയി മാറില്ലെന്ന് ഭദ്രന്‍ വ്യക്തമാക്കുന്നു.

25 വര്‍ഷത്തിലേക്ക് കടക്കുന്ന സിനിമ ഡിജിറ്റലൈസ് ചെയ്ത് വീണ്ടും റിലീസ് ചെയ്യാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. തിയേറ്ററുകളില്‍ നിന്ന് കാണണം സിനിമ, ഇതാണ് തന്റെ ചിന്താഗതി. അതിനാലാണ് ഇത്തരമൊരു കാര്യം ചെയ്യുന്നത്. ചാനലുകളില്‍ ഇതിനോടകം തന്നെ ഇരുന്നൂറോളം പ്രാവസ്യം ഈ സിനിമ സംപ്രേഷണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്നുവരെ മര്യാദയ്ക്ക് കണ്ടിട്ടില്ല. ആരാദകരെ സംബന്ധിച്ച് വീണ്ടും റിലീസ് ചെയ്യുന്നുവെന്ന് കേള്‍ക്കുന്നത് തന്നെ സന്തോഷമാണ്. അതിനാല്‍ത്തന്നെ ശക്തമായ പിന്തുണയും മികച്ച സ്വീകാര്യതയും ലഭിക്കുമെന്നുറപ്പാണ്.

റെയ്ബാന്‍ ഗ്ലാസും മുണ്ട് പറിച്ചുള്ള അടിയുമൊന്നുമല്ല പ്രമേയത്തിലെ തീവ്രത തന്നെയാണ് സിനിമയെ ഇത്രയധികം പോപ്പുലറാക്കിയത്. ഒരു കിളിയെ പറക്കാന്‍ പഠിപ്പിക്കേണ്ടതില്ല, സമയമാവുമ്പോള്‍ അതിന് തന്നെ പറന്നോളും, പക്ഷേ അതിന് പറക്കാനുള്ള സാഹചര്യം നമ്മള്‍ ഒരുക്കണം. മക്കള്‍ക്ക് വളരാനുള്ള സാഹചര്യവും സാധ്യതകളും നമ്മള്‍ സൃഷ്ഠിച്ച് കൊടുക്കണം. പതിവില്‍ നിന്നും വ്യത്യസ്തമായ പ്രമേയവും ആഖ്യാനവുമായെത്തിയ സിനിമയക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

സ്ഫടികമെന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കി സംവിധാനം ചെയ്തത് താനാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം രണ്ടാം ഭാഗം ഒരുക്കുന്നുവെന്ന് കേട്ടപ്പോഴുള്ള പ്രതിഷേധത്തെക്കുറിച്ച് അറിഞ്ഞിരുന്നു. തന്റെ മറുപടി ലഭിച്ചതോടെ നിരവധി പേരാണ് തന്നെ വിളിച്ചതെന്ന് അദ്ദേഹം പറയുന്നു. യാതൊരു കാരണവശാലും രണ്ടാം ഭാഗത്തിന് താന്‍ അനുമതി നല്‍കില്ലെന്നും ഭദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഇറക്കുന്നതുമായി ബന്ധപ്പെട്ടും വിവാദം ഉയര്‍ന്നിരുന്നു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51