പ്രളയം ഭരണകൂട നിര്‍മിത ദുരന്തമായിരുന്നു, ജുഡീഷ്യല്‍ അന്വേഷണം ആവിശ്യപ്പെട്ട് ചെന്നിത്തല

തിരുവനന്തപുരം: പ്രളയ ദുരന്തം സംഭവിച്ചത് എങ്ങനെയെന്ന് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ്രമേശ് ചെന്നിത്തല. ഇന്ന് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. കേരളത്തില്‍ സംഭവിച്ച പ്രളയദുരന്തം ഭരണകൂട നിര്‍മിതമാണെന്ന് ചെന്നിത്തല ആരോപിച്ചു. ഡാം മാനേജ്‌മെന്റില്‍ വീഴ്ച പറ്റിയെന്ന് ഇന്ത്യയിലെ തന്നെ വിദഗ്ധര്‍ ആരോപിച്ചിട്ടുണ്ടെന്നും ചെന്നിത്തല സഭയില്‍ പറഞ്ഞു.

കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷം മുന്‍പില്‍ തന്നെ ഉണ്ടാകും എങ്കിലും ഉണ്ടായ വീഴ്ചകള്‍ ഉയര്‍ത്തികാണിക്കണ്ടേ എന്നും രമേശ് ചെന്നിത്തല ചോദിച്ചു. പ്രളയസമയത്ത് മന്ത്രി കെ.രാജു ജര്‍മനി സന്ദര്‍ശിച്ചതിനെ ചെന്നിത്തല വിമര്‍ശിച്ചു. റവന്യൂ വകുപ്പിന് ക്യാമ്പുകള്‍ നടത്തുന്നതില്‍ വീഴ്ച സംഭവിച്ചു. സന്നദ്ധപ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്നാണ് ക്യാമ്പുകള്‍ നടത്തിയത്.

മുഖ്യമന്ത്രി ആവശ്യപ്പെടുന്നതിന് മുന്‍പ് തന്നെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.കേരളത്തിന് അര്‍ഹമായത് കേന്ദ്രത്തില്‍ നിന്ന് വാങ്ങിയെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതൊരു ഭരണകൂട നിര്‍മിതമായ ഡാം ദുരന്തമാണെന്നും ചെന്നിത്തല വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ ഇറക്കാന്‍ വൈകിയതിനെയും ചെന്നിത്തല ചോദ്യം ചെയ്തു. പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷം സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular