തിരുവനന്തപുരം: ഡാം മാനേജ്‌മെന്റിലെ പാളിച്ച കേരളത്തിലെ പ്രളയത്തിന് കാരണമായെന്ന് പരിസ്ഥിതി ശാസ്ത്രഞ്ജന്‍ മാധവ് ഗാഡ്ഗില്‍. പശ്ചിമഘട്ടത്തില്‍ ദീര്‍ഘകാലമായി നടക്കുന്ന ഖനനവും ഡാമുകള്‍ ഒന്നിച്ച് തുറന്നതിലെ അശാസ്ത്രീയതയും ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. മണ്ണിടിച്ചിലും പശ്ചിമഘട്ടത്തിലെ അനധികൃത ക്വാറികളും ദുരന്തത്തിന്റെ ആഘാതം കൂട്ടിയെന്നും ഗാഡ്ഗില്‍ പറയുന്നു. കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചത് മനുഷ്യനിര്‍മിത ദുരന്തമാണെന്നും മാധവ് ഗാഡ്ഗില്‍.
ഡാമുകളുടെ ജലനിരപ്പ് നിയന്ത്രിക്കുന്നതിലും അപ്രതീക്ഷിതമായി ഡാമുകള്‍ തുറന്നതിലും അധികാരികള്‍ക്ക് വീഴ്ച പറ്റിയെന്നും ഗാഡ്ഗില്‍ കുറ്റപ്പെടുത്തി. ഈ കാരണങ്ങളെല്ലാം മിക്ക പ്രദേശങ്ങളെയും വെള്ളത്തിനടിയിലാകുന്നതിന് കാരണമായി. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പാറമടകള്‍ നിയമവിധേയമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെയും ഗാഡ്ഗില്‍ വിമര്‍ശിച്ചു. ഇവ നിയമവിധേയമാക്കി പ്രവര്‍ത്തനാനുമതി നല്‍കിയാല്‍ വീണ്ടും പ്രകൃതി ദുരന്തമുണ്ടാകും.
50 വര്‍ഷങ്ങള്‍ പഴക്കമുള്ള ഡാമുകള്‍ ഡീക്കമ്മീഷന്‍ ചെയ്യണമെന്ന് താന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ അതൊന്നും ഇത് വരെ നടപ്പായില്ല. പ്രളയത്തില്‍ തകര്‍ന്ന പ്രദേശങ്ങള്‍ ഇനി പുനര്‍നിര്‍മിക്കുമ്പോള്‍ പ്രകൃതിസൗഹാര്‍ദപരമായും ശാസ്ത്രീയമായും മാത്രമേ ചെയ്യാന്‍ പാടുള്ളൂവെന്നും ഗാഡ്ഗില്‍ മുന്നറിയിപ്പ് നല്‍കുന്നു.