വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടഞ്ഞില്ലെങ്കില്‍ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തലവന്മാര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ ആള്‍ക്കൂട്ട കൊലപാതകത്തിനു കാരണമാകുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത്തരം പ്രചാരണങ്ങള്‍ തടയാന്‍ കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. വ്യാജ പ്രചരണങ്ങള്‍ തടയാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വാട്ട്‌സ്ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയയുടെ ഇന്ത്യന്‍ തലവന്‍ന്മാര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് കേന്ദ്ര നീക്കം. വാട്ട്‌സ്ആപ്പിലൂടെയും ഫെയ്സ്ബുക്കിലൂടെയും അനിയന്ത്രിതമായി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിതെളിക്കുന്നതായി കണ്ടെത്തിയത്തോടെയാണ് കേന്ദ്ര നീക്കം.

വ്യാജവാര്‍ത്തകളുടെ ഉറവിടം കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുവനായി ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആപ്പുകളുടെ പ്രൈവസി പോളിസിക്ക് എതിരായതിനാല്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വാട്ട്‌സ്ആപ്പ് അടകമുള്ള സോഷ്യല്‍ മീഡിയകള്‍ വിമുകത കാണിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയവഴിയുള്ള വ്യാജ വാര്‍ത്ത പ്രചരണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തടഞ്ഞില്ലെങ്കില്‍ ഇത്തരം ആപ്പുകളുടെ ഇന്ത്യന്‍ തലവന്മാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയത്. മുമ്പ് ഇത്തരം സോഷ്യല്‍ മീഡിയകളോട് വ്യാജവാര്‍ത്തകളുടെ ഉറവിടം കണ്ടെത്താനും പരാതി പരിഹാരത്തിനുമായി ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് സുപ്രിം കോടതി വാദവും കേട്ടിരുന്നു.

ഓണ്‍ലൈന്‍ വഴിയുള്ള വ്യാജവാര്‍ത്ത പ്രചരണത്തിന് ഒറ്റയ്ക്ക് തടയാന്‍ ആകില്ലെന്നും ഇതിന് എന്‍ ജി ഒ ന്റെ സഹായം ആവശ്യമാണെന്നും നേരത്തെ സോഷ്യല്‍ മീഡിയകള്‍ ആവശ്യപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയവഴി കുട്ടികളും മുതിര്‍ന്നവരും അപകടത്തില്‍പ്പെടാതെ സംരക്ഷണം ഒരുക്കാന്‍ എന്‍ സി ആര്‍ബിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേകം വെബ് പോര്‍ട്ടല്‍ ആരംഭിക്കുന്നുണ്ട്. ഇതില്‍ വ്യാജവാര്‍ത്തകള്‍ക്ക് എതിരെ ജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കാം.

SHARE