റാഞ്ചി: കേരളത്തെ സഹായിച്ചിട്ടു വന്നാല്‍ കേസ് റദ്ദാക്കാമെന്നു പറഞ്ഞ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ നിന്നും സമാനമായ ഉത്തരവ്. ജാമ്യം വേണം എങ്കില്‍ കേരളത്തെ സഹായിക്കണം എന്നായിരുന്നു കോടതിയുടെ നിര്‍ദേശം.
മുന്‍ കൂര്‍ ജാമ്യം അനുവദിക്കണം എങ്കില്‍ പ്രളയ ദുരന്തത്തില്‍ അകപ്പെട്ട കേരളത്തെ സഹായിച്ചിട്ടു വരൂ എന്നായിരുന്നു ജസ്റ്റിസ് എ.ബി. സിങ് പറഞ്ഞത്. പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ഇനിയും സഹായങ്ങള്‍ ആവശ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
വഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍ എന്നീ കേസുകളില്‍ പ്രതികളായ ഉല്‍പല്‍ റേ, ധനേശ്വര്‍, ശംഭു എന്നിവരോടാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്. ഉത്പലിനോട് ഏഴായിരം രൂപയും, ശംഭുവിനോട് 5000 രൂപ വീതവും നല്‍കാനാണ് കോടതി ഉത്തരവ്.
പണം നല്‍കിയതിന്റെ രേഖ കോടതിയില്‍ ഹാജരാക്കുകയും വേണം. ഡല്‍ഹിക്കും, ജാര്‍ഖണ്ഡിലും പുറമെ, കര്‍ണാടക, മധ്യപ്രദേശ് ഹൈക്കോടതികളും സമാനമായ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.